വിദ്യാഭ്യാസ മേഖലയിലെ വികസനങ്ങള്‍ക്കായുള്ള അമേരിക്കന്‍ സ്കോളര്‍ഷിപ്പായ ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പിന് 2023 വര്‍ഷം അര്‍ഹനായ ഒരേയൊരു ഇന്ത്യക്കാരനാണ് കശ്മീരിലെ ബാരാമുള്ളയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ റമീസ് സുധാന്‍.
ദില്ലി: സംഘര്‍ഷ മേഖലയിലെ സര്‍ക്കാര്‍ സ്കൂളുകളുടെ സമഗ്രമാറ്റത്തിനുള്ള ചുവട് വയ്പ് നടത്തിയ അധ്യാപകന് ആഗോളതലത്തില്‍ അംഗീകാരം. വിദ്യാഭ്യാസ മേഖലയിലെ വികസനങ്ങള്‍ക്കായുള്ള അമേരിക്കന്‍ സ്കോളര്‍ഷിപ്പായ ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പിന് 2023 വര്‍ഷം അര്‍ഹനായ ഒരേയൊരു ഇന്ത്യക്കാരനാണ് കശ്മീരിലെ ബാരാമുള്ളയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ റമീസ് സുധാന്‍.
വിവിധ ഭൂഘണ്ഡങ്ങളിലെ അധ്യാപകരുമായി ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഇടപെടലുകളില്‍ ഒപ്പം അംഗീകാരം ലഭിച്ച അധ്യാപകരില്‍ ആരും തന്നെ ഇത്തരം സംഘര്‍ഷ മേഖലകളിലെ അനുഭവമുള്ളവരല്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാഭ്യാസത്തോടും വിദ്യാര്‍ത്ഥികളോടുമുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ റമീസിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തില്‍ നിന്ന് പോലും സ്കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ മാലാഖമാര്‍ ആവണമെന്നാണ് റമീസ് വിശദമാക്കുന്നത്. ചെറുപ്രായത്തിലുള്ളവര്‍ വരെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റമീസ് രക്ഷിതാക്കളുമായി ഇടപെടലുകള്‍ താഴ്വരയില്‍ നടത്തുന്നത്.
വിവിധ രീതിയിലുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സ്കൂളിലെത്തുന്ന കുട്ടികള്‍ക്ക് കൌണ്‍സിലിംഗ് അടക്കമുള്ളവ ഇങ്ങനെയാണ് ആരംഭിക്കുന്നത്. ഉറ്റവര്‍ നഷ്ടമായതിന്‍റെ ആഘാതത്തില്‍ നിന്ന് വിട്ടുമാറാത്ത വിദ്യാര്‍ത്ഥികളെ വീണ്ടും പാഠപുസ്തകങ്ങളിലേക്കും ക്ലാസ് മുറികളിലേക്കും എത്തിക്കുന്നതില്‍ ഈ ഇടപെടലുകള്‍ വലിയ പങ്കാണ് വഹിച്ചത്. രക്ഷിതാക്കളുമായി തുടര്‍ച്ചയായി നടത്തിയ ഇടപെടലുകളാണ് റമീസിനെ ഇതിന് സഹായിച്ചത്. സംഘര്‍ഷങ്ങളേക്കുറിച്ച് അധ്യാപകര്‍ മുന്‍ധാരണ മാറ്റി നിര്‍ത്തി അധ്യാപനം ആരംഭിച്ചതോടെ മാറ്റി നിര്‍ത്തപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും അത് പുതിയ ഉണര്‍വ്വായിരുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റുന്ന പ്രവണതയ്ക്ക് വലിയൊരു തോതില്‍ മാറ്റമുണ്ടാക്കാനും റമീസിന്‍റെ ഇടപെടലുകള്‍ക്ക് സാധിച്ചു.
സംഘര്‍ഷങ്ങള്‍ക്കിടെ കുട്ടികള്‍ക്ക് നഷ്ടമാകുന്ന ബാല്യം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളും റമീസ് സ്കൂളുകളില്‍ സജീവമാക്കിയതോടെ രക്ഷിതാക്കളും സ്കൂളുകളോട് അടുപ്പം കാണിച്ച് തുടങ്ങി. നിലവില്‍ സ്കോളര്‍ഷിപ്പ് അനുബന്ധിയായ ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങി വരുന്ന അധ്യാപകന് വേണ്ടിയുള്ള കാത്തിരുപ്പിലാണ് ബാരമുള്ളയിലെ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

