ഉന്നാവോ: പരിശോധനക്കിടെ ഇം​ഗ്ലീഷ് വായിക്കാനാകാത്ത അധ്യാപകരെ സസ്പെൻഡ് ചെയ്ത് അധികൃതർ. ഉത്തർപ്രദേശിലെ ഉന്നാവോയിലെ സിക്കന്ദർപൂർ സരൗസിയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്‌കൂളിലെ രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്യാൻ ജില്ലാ മജിസ്‌ട്രേറ്റ് ദേവേന്ദ്ര കുമാർ പാണ്ഡെ ശനിയാഴ്ച നിർദേശം നൽകി. 

നവംബൻ 28നാണ് സ്കൂളിൽ പരിശോധന നടന്നത്.  ഇം​ഗ്ലീഷിൽ ഒരു പാഠഭാ​ഗം വായിക്കാൻ അധികൃതർ ആവശ്യപ്പെട്ടപ്പോൾ തപ്പിത്തടഞ്ഞ് വായിക്കുന്ന അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ വൈറലായി കഴിഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'ജില്ലാ മജിസ്‌ട്രേറ്റ് ദേവേന്ദ്ര കുമാർ പാണ്ഡെ സ്കൂളിൽ പരിശോധന നടത്തി, ഞാനും അതിന്റെ ഭാഗമായിരുന്നു. 6, 8 ക്ലാസുകളിലെ കുട്ടികളോട് പാഠങ്ങൾ ഹിന്ദിയിൽ വായിക്കാൻ ആവശ്യപ്പെട്ടപ്പോൾ, മിക്ക വിദ്യാർത്ഥികൾക്കും അതിന് സാധിച്ചു. എന്നാൽ, അവരോട് ഇംഗ്ലീഷിൽ വായിക്കാൻ പറഞ്ഞപ്പോൾ എല്ലാവരും പരാജയപ്പെടുകയായിരുന്നു. കുട്ടികൾക്ക് പുറമേ ചില അധ്യാപകരും ഇം​ഗ്ലീഷ് വായിക്കുന്നതിൽ പരാജയപ്പെട്ടു'- അടിസ്ഥാന ശിക്ഷാ അധികാരി (ബിഎസ്എ) പ്രദീപ് കുമാർ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

സ്വയം ഇംഗ്ലീഷ് വായിക്കാൻ കഴിയാത്തവർ എങ്ങനെ  വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് ദേവേന്ദ്ര കുമാർ അധ്യാപകരോട് ചോദിച്ചതായും പ്രദീപ് കുമാർ പാണ്ഡെ കൂട്ടിച്ചേർത്തു.