ലഖ്നൗ: സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ അറ്റന്‍ഡന്‍സ് ഉറപ്പുവരുത്താന്‍ സെല്‍ഫിയെടുത്ത് അയക്കണമെന്ന് അധ്യാപകര്‍ക്ക് നിര്‍ദ്ദേശം. ഉത്തര്‍പ്രദേശിലെ ബരബങ്കി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ക്കാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. 

രാവിലെ 8 മണിക്കകം ക്ലാസ്മുറിക്ക് മുമ്പില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സെല്‍ഫിയെടുക്കണമെന്നും ചിത്രം ബേസിക് ശിക്ഷാ അധികാരി(ബി എസ് എ) വെബ്പേജില്‍ പോസ്റ്റ് ചെയ്യണമെന്നുമാണ് നിര്‍ദ്ദേശം. വെബ് പേജില്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ഫോട്ടോ അപ്‍ലോഡ് ചെയ്യാത്ത അധ്യാപകരുടെ ഒരു ദിവസത്തെ  ശമ്പളം റദ്ദാക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 

വേനലവധിക്ക് സ്കൂള്‍ അടയ്ക്കുന്നതിന് മുമ്പ് മെയിലാണ് ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ 700 അധ്യാപകര്‍ക്കാണ് ഒരു ദിവസത്തെ ശമ്പളം നഷ്ടമായത്.