Asianet News MalayalamAsianet News Malayalam

എണ്‍പതാം വയസ്സില്‍ ഓണ്‍ലൈന്‍ കണക്ക് ടീച്ചര്‍, യാത്ര അവസാനിച്ചിട്ടില്ലെന്ന് അംബുജ അയ്യര്‍

ഓണ്‍ലൈന്‍ ക്ലാസും നേരിട്ടെടുക്കുന്ന ക്ലാസുകളും തമ്മില്‍ യാതൊരു വ്യത്യാസവും തോന്നിയിട്ടില്ലെന്നാണ് അംബുജ ടീച്ചര്‍ പറയുന്നത്...
 

Teaching Math Online At 80, Ambuja Iyer Says Journey Not Over Yet
Author
Delhi, First Published Aug 9, 2020, 12:41 PM IST

ദില്ലി: തന്റെ എണ്‍പതാം വയസ്സിലും അംബുജ ആയ്യര്‍ തിരക്കിലാണ്. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചതോടെ വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആയ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കണക്കുക്ലാസ് എചടുക്കുന്നത് അംബുജ ടീച്ചറാണ്. ഇതുവരെ അമ്പതിനായിരത്തിലേറെ കുട്ടികളെ പഠിപ്പിച്ചതിന്റെ അനുഭവ സമ്പത്തുണ്ട് ഈ ടീച്ചര്‍ക്ക്. കഴിഞ്ഞ 50 വര്‍ഷം പഠിപ്പിച്ചതിന്റെ അതേ സന്തോഷത്തോടെയും അഭിമാനത്തോടെയും തന്നെയാമ് അംബുജ തന്റെ എണ്‍പതാം വയസ്സില്‍ ഈ പുതിയ രീതിയില്‍ ക്ലാസ് എടുക്കുന്നതും. 

ടീച്ചര്‍മാര്‍ കണക്കുക്ലാസ് ഓണ്‍ലൈനായി പഠിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് താന്‍ പഠിപ്പാക്കാം എന്ന് അംബുജ ടീച്ചര്‍ തീരുമാനിക്കുന്നത്. കുറച്ച് ടിപ്പുകളെല്ലാം തയ്യാറാക്കി, 50 ടീച്ചര്‍മാരെ ഉള്‍പ്പെടുത്തി അംബുജ വാട്‌സ്ആപ്പില്‍ മാത്ത്‌സ് ഫോറം ആരംഭിച്ചു. ഈ ടീച്ചര്‍മാരെ നിരീക്ഷിച്ചു, വിലയിരുത്തി. 

ഇതിനുപുറമെ ആറ് മുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ കണക്കുക്ലാസ് എടുക്കാന്‍ തുടങ്ങി. ഇതിനായി ഒരു യൂട്യൂബ് ചാനലും തുടങ്ങി. അംബുജ ടീച്ചറുടെ ഓണ്‍ലൈന്‍ ക്ലാസ് തീര്‍ത്തും സൗജന്യമാണ്. ഓണ്‍ലൈന്‍ ക്ലാസും നേരിട്ടെടുക്കുന്ന ക്ലാസുകളും തമ്മില്‍ യാതൊരു വ്യത്യാസവും തോന്നിയിട്ടില്ലെന്നാണ് അംബുജ ടീച്ചര്‍ പറയുന്നത്. 

''കണക്കിനോടുള്ള ഭയത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കുട്ടികളെ എനിക്ക് സഹായിക്കണം. മാത്രമല്ല, ഓണ്‍ലൈനായി ക്ലാസെടുക്കുന്നത് ശ്രമകരമാണെന്ന് കരുതുന്ന അധ്യാപകരെയും എനിക്ക് സഹായിക്കണം.  ഓണ്‍ലൈന്‍ പഠനരീതിയില്‍ വ്യത്യാസമുണ്ടെന്ന് ഞാന്‍ കരുതുന്നിസല്ല...''എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അംബുജ അയ്യര്‍ പറഞ്ഞു. 

''എന്നെ സംബന്ധിച്ച് പഠിപ്പിക്കുക എന്നത് ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും അതീതമാണ്. ഒരുപാട് പാവപ്പെട്ട കുട്ടികള്‍ എന്റെ അടുത്ത് കണക്ക് പഠിക്കാന്‍ വരാറുണ്ട്. അവരുടെ കണ്ണുകളിലെ പ്രതീക്ഷ എനിക്ക് പഠിപ്പിക്കാനുള്ള ഊര്‍ജ്ജമാണ്. ഈ ദുരിത കാലത്ത് ഓണ്‍ലൈനിലൂടെ കുട്ടികളെ പഠിപ്പിക്കുക എളുപ്പമാണ്...'' ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. 

17ാം വയസ്സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ അംബുജയ്ക്ക് അച്ഛന്റെ മരണത്തോടെ തുടര്‍ന്ന് പഠിക്കാനായില്ല. വീടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജോലിക്ക് പോകേണ്ടി വന്നു. കണക്ക് അധ്യാപിക അവധിയിലായിരുന്നപ്പോള്‍ പകരം ക്ഷേത്രഗണിതം പഠിപ്പിക്കാനാണ് അംബുജ ആദ്യമായി  ജോലിക്കുകയറുന്നത്. 

''അധ്യാപികയെന്ന നിലയില്‍ എന്റെ ജോലി അവസാനിച്ചതാണ്. എന്നാല്‍ അത് അങ്ങനെ അവസാനിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല.  ഞാന്‍ എന്റെ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും'' ആത്മവിശ്വാസത്തോടെ അംബുജ ടീച്ചര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios