Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധി; തൊഴിലുറപ്പ് തൊഴിലാളികളായി അധ്യാപകരും ടെക്കികളും; സ്തംഭിച്ച് തൊഴിൽ മേഖല

 പക്ഷേ ഇപ്പോൾ അവർ പോകുന്നത് പഠിപ്പിക്കാനല്ല, മറിച്ച് തൊഴിലുറപ്പ് ജോലിക്കാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ ഇല്ലാതായ ആയിരക്കണക്കിന് ആളുകളുടെ പ്രതിനിധികളാണ് ചിരജ്ഞീവിയും പത്മയും. 

techies and teachers turn to daily laboures amid pandemic
Author
Telangana, First Published May 21, 2020, 2:12 PM IST

തെലങ്കാന: ചിരജ്ഞീവിയും ഭാര്യ പദ്മയും രാവിലെ തന്നെ ജോലിക്ക് പോകാൻ ഒരുങ്ങി. അധ്യാപകരായിരുന്നു ഈ അടുത്ത കാലം വരെ ഇവർ. പോസ്റ്റ് ​ഗ്രാജ്വേറ്റ് ഡി​ഗ്രിയും ബിഎഡുമുള്ള ചിരജ്ഞീവി 12 വര്‍ഷമായി സാമൂഹികപാഠം അദ്ധ്യാപകനാണ്. പത്മ എംബിഎയ്ക്ക് ശേഷം പ്രൈമറി സ്കൂൾ ടീച്ചറായി ജോലി ചെയ്യുകയായിരുന്നു. പക്ഷേ ഇപ്പോൾ അവർ പോകുന്നത് പഠിപ്പിക്കാനല്ല, മറിച്ച് തൊഴിലുറപ്പ് ജോലിക്കാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ ഇല്ലാതായ ആയിരക്കണക്കിന് ആളുകളുടെ പ്രതിനിധികളാണ് ചിരജ്ഞീവിയും പത്മയും. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ജോലിയില്ലാതെ കഷ്ടപ്പെടുന്ന ഇവരെക്കുറിച്ച് എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്. 

തൊഴിലുറപ്പ് ജോലിയില്‍ നിന്നും ഒരു ദിവസം ലഭിക്കുന്ന 300 രൂപ കൊണ്ട് കുടുംബത്തിന് പച്ചക്കറികളെങ്കിലും വാങ്ങാൻ സാധിക്കുമെന്ന് ഇവർ പറയുന്നു. കുട്ടികളും മാതാപിതാക്കളുമടക്കം ആറുപേരടങ്ങുന്ന കുടുംബത്തിന് ഉപജീവനത്തിന് വേറേ മാർ​ഗങ്ങളില്ല. രണ്ട് മാസമായി ജോലിയുമില്ല, ശമ്പളവുമില്ല. ഭോംഗിര്‍-യാദാദ്രിയിലെ അവരുടെ ഗ്രാമത്തിനടുത്തുള്ള എംജിഎന്‍ആര്‍ജിഎ വര്‍ക്ക് സൈറ്റിലാണ് അവര്‍ തൊഴിലെടുക്കുന്നത്.

കൊവിഡ് ബാധയുടെയും ലോക്ക്ഡൗണിന്റെയും ആഘാതം എല്ലാ മേഖലയിലും അനുഭവപ്പെടുന്നുണ്ട്. അംഗീകാരമില്ലാത്ത 8,000 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അംഗീകാരമുള്ള 10,000 വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും രണ്ട് ലക്ഷം അധ്യാപകര്‍ക്ക് കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി ശമ്പളം നല്‍കിയിട്ടില്ല. സ്വകാര്യ സ്‌കൂളുകളിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് 5,000-10,000 രൂപവരെയേ ശമ്പളം ലഭിക്കാറുള്ളൂ. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 20,000 രൂപ വരെയും പരിചയവും കഴിവുമുള്ള ജൂനിയര്‍ കോളേജ് ലക്ചറര്‍മാര്‍ക്ക് 25,000 രൂപ വരെയും ലഭിക്കും. എന്നാൽ ഇപ്പോൾ അതും ലഭിക്കുന്നില്ലെന്ന് ‌ചിരജ്ഞീവി രോഷത്തോടെ പറയുന്നു.

ശമ്പളം കൊടുക്കാത്തത് കൂടാതെ സ്വകാര്യ സ്‌കൂളുകളിലെയും കോളേജുകളിലെയും നിരവധി അധ്യാപകരെ പിരിച്ചുവിട്ടിട്ടുണ്ട്. സ്കൂളുകൾ എപ്പോൾ തുറക്കുമെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ അധ്യാപകർ മിക്കവരും തൊഴിലുറപ്പ് തൊഴിലാളികളായി മാറി. ഉന്നത വിദ്യാഭ്യാസമുള്ള അധ്യാപകർ വരെ തൊഴിലുറപ്പ് തൊഴിലാളികളായി മാറിയ സാഹചര്യമാണുള്ളതെന്ന് രമേശ് എന്ന അധ്യാപകൻ പറയുന്നു. ഡബിൾ പിഎച്ച്ഡി ഉള്ള അധ്യാപകനാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ മാതാപിതാക്കൾക്കൊപ്പമാണ് രമേശ് ജോലി ചെയ്യുന്നത്. 

ഒരു ലക്ഷം രൂപ ശമ്പളമുള്ള സോഫ്റ്റ്‍വെയർ പ്രൊഫഷണലായ സ്വപ്ന എന്ന യുവതിയും ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളിയാണ്. ബാങ്കിൽ കാശ് നി​ക്ഷേപിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ട് എത്രകാലം ജീവിക്കാൻ സാധിക്കുമെന്നാണ് സ്വപ്നയുടെ ചോദ്യം. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന കാര്യത്തിൽ തീർച്ചയില്ല. ജോലി ചെയ്ത് ജീവിക്കുന്നതിൽ എന്താണ് തെറ്റ്? അതിജീവനത്തിന്റെ പ്രശ്‌നമാണിത്." സ്വപ്ന പറയുന്നു


 

Follow Us:
Download App:
  • android
  • ios