മുംബൈ: പരീക്ഷയില്‍ തോറ്റതിന് മാതാപിതാക്കള്‍ വഴക്ക് പറയാതിരിക്കാന്‍ തട്ടിക്കൊണ്ടുപോയെന്ന് നുണക്കഥ സൃഷ്ടിച്ച് കൗമാരക്കാരി. മുംബൈയിലാണ് 17 കാരിയായ പെണ്‍കുട്ടി മാതാപിതാക്കളുടെ സഹതാപത്തിനായി വ്യാജ തട്ടിക്കൊണ്ടുപോകല്‍ കെട്ടിച്ചമച്ചത്. വസായ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയെ പൊലീസുകാര്‍ കൗണ്‍സിലിങ് നല്‍കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. 

വീടിന് സമീപമുള്ള ട്യൂഷന്‍ സെന്‍ററിലേക്ക് പോകുന്നെന്ന വ്യാജേനയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. തന്നെ തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടി തന്നെയാണ് പിതാവിനെ ഫോണില്‍ വിളിച്ചറിയിച്ചത്. പിതാവ് പൊലീസില്‍ പരാതി നല്‍കിയതോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. സെന്‍ട്രല്‍ മുംബൈയിലെ  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് വസയ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. സ്കൂള്‍ പരീക്ഷയില്‍ രണ്ട് വിഷയങ്ങള്‍ക്ക് പരാജയപ്പെട്ട പെണ്‍കുട്ടി മാതാപിതാക്കളുടെ സഹതാപം പിടിച്ചുപറ്റാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകലിന്‍റെ വ്യാജ കഥ ചമച്ചത്.