ഇൻഡോർ: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മറ്റുള്ളവരുടെ സംരക്ഷണത്തിനായി രാപ്പകലില്ലാതെ പടപൊരുതുകയാണ് പൊലീസുകാർ. ഉറ്റവരെ ഉപേക്ഷിച്ച് മാസങ്ങളായി എല്ലാ പൊലീസുകാരും കൊവിഡ് പോരാട്ടത്തിൽ മുൻനിരയിൽ തന്നെയുണ്ട്. ഈ അവസരത്തിൽ പാവപ്പെട്ട കുട്ടിക്ക് സൗജന്യമായി ക്ലാസെടുത്ത് നൽകി മാതൃക ആയിരിക്കുകയാണ് ഒരു പൊലീസുകാരൻ.

ഇൻഡോറിലെ പലാസിയയിൽ നിന്നുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് ദീക്ഷിതാണ് രാജ് എന്ന കുട്ടിക്ക് സൗജന്യമായി ക്ലാസെടുക്കുന്നത്. കണക്ക്, ഇം​ഗ്ലീഷ് എന്നീ വിഷയങ്ങളാണ് വിനോദ് പഠിപ്പിക്കുന്നത്. പൊലീസാകണമെന്ന രാജിന്റെ ആ​ഗ്രഹമാണ് അവനെ സഹായിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് വിനോദ് പറയുന്നു.

"പട്രോളിംഗിനിടെയാണ് ഞാൻ ഈ കുട്ടിയെ കണ്ടത്. തനിക്ക് ഒരു പൊലീസുകാരനാകാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ട്യൂഷന് പോകാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നും അവൻ പറഞ്ഞു. പിന്നാലെ ഞാൻ അവന് ഇംഗ്ലീഷും കണക്കും പഠിപ്പിക്കാൻ തുടങ്ങി" വിനേദ് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹം രാജിന് ട്യൂഷനെടുക്കുകയാണ്.

"എല്ലാ ദിവസവും എനിക്ക് വിനേദ് അങ്കിൾ ട്യൂഷനെടുക്കുന്നുണ്ട്. അത് കഴിഞ്ഞാൽ വീട്ടിലിരുന്നും ഞാൻ പഠിക്കും. ഒരു പൊലീസുകാരൻ ആകണമെന്നാണ് എന്റെ ആ​ഗ്രഹം. ആ ലക്ഷ്യത്തിന് വേണ്ടിയാണ് കഠിനമായി പ്രയത്നിക്കുന്നത്" രാജ് പറയുന്നു.