പറ്റ്ന: ബിഹാറിൽ കൊവിഡ് പരിശോധന ഫലപ്രദമല്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നില്ലെന്നും ആർജെഡി നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ബിഹാറിൽ കൊവിഡ്‌ 19 പരിശോധന കേന്ദ്രങ്ങൾ ഇല്ല. രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിയുന്ന രോഗികളുടെ സാമ്പിളുകൾ 12 മണിക്കൂർ സമയം എടുത്ത് കൊൽക്കത്തയിലേക്ക് അയച്ചാണ് പരിശോധിക്കുന്നത്. 

ആറ് മണിക്കൂറിന് ശേഷം പരിശോധിച്ച സാമ്പിളുകളിൽ യഥാർത്ഥ ഫലം കാണിക്കുന്നില്ല.12 കോടി ജനങ്ങളുള്ള ബിഹാറിൽ കൊവിഡ് പ്രതിരോധത്തിനുള്ള സൗകര്യങ്ങൾ പര്യപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാത്തത് എന്ന് തേജസ്വി യാദവ് ചോദിച്ചു. 

രാജ്യത്ത് ഇതുവരെ ആറ് പേരാണ് കൊവിഡ് വൈറസ് ബാധിച്ചമരണമടഞ്ഞത്. ആറാമത്തെ മരണം ബിഹാറിലാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസ‍ർച്ച് അസോസിയേഷൻ കണക്കുകൾ പ്രകാരം 341 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി ട്രെയിൻ ഗതാഗതമടക്കം രാജ്യത്ത് നിർത്തിവെയ്ക്കാൻ തീരുമാനമായി.