ബംഗളൂരു: വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ,കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിക്കൊണ്ട് യെദിയൂരപ്പ സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ പുകഴ്ത്തി ബിജെപിയുടെ യുവ എംപി തേജ്വസി സൂര്യ. ടിപ്പു സുല്‍ത്താനെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതി എന്നാണ് തേജ്വസി സൂര്യ വിശേഷിപ്പിച്ചത്.

മുന്‍ സര്‍ക്കാരുകള്‍ ടിപ്പു സുല്‍ത്താന്‍റെ ജയന്തി ആഘോഷിച്ചത് നാണക്കേടുണ്ടാക്കുന്നതാണ്. ഒരിക്കലും ചേരാത്ത ഒരു സഖ്യ സര്‍ക്കാരിന്‍റെ ഓരോ തെറ്റുകളും ബിജെപി സര്‍ക്കാര്‍ തിരുത്തുകയാണെന്നും തേജ്വസി സൂര്യ ട്വീറ്റ് ചെയ്തു. 2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വാര്‍ഷികാഘോഷമായി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചുതുടങ്ങിയത്.

ഇത് ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപിച്ച് ബിജെപി അന്നുമുതല്‍ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. ടിപ്പു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2016ൽ  കുടക് മേഖലയിൽ ഉണ്ടായ  വർഗീയ  സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതല്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.

കുടകിലെ എം എൽ എമാരുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം എന്ന് മുഖ്യമന്ത്രി  അറിയിച്ചു.  ആഘോഷം റദ്ദാക്കിയെന്നറിയിച്ച് സാംസ്കാരിക വകുപ്പ് സര്‍ക്കുലറും പുറത്തിറക്കി. എല്ലാ വര്‍ഷവും നവംബറിലാണ് ആഘോഷം നടത്തിയിരുന്നത്.