കാവിക്കൊടിയല്ലാതെ, പച്ചക്കൊടിക്കും മറ്റ് കൊടികള്‍ക്കും തെലങ്കാനയില്‍ സ്ഥാനമില്ലെന്നും ബണ്ടി സഞ്ജയ് കുമാര്‍ പറഞ്ഞു.

ഹൈദരാബാദ്: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ഭീഷണിയുമായി തെലങ്കാനയിലെ ബിജെപി എംപി ബണ്ടി സഞ്ജയ് കുമാര്‍. ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകരെ കല്ലെറിഞ്ഞാൽ ബോംബും കത്തിയും ഉപയോഗിച്ചാകും മറുപടി പറയുകയെന്ന് സഞ്ജയ് കുമാര്‍ പറ‍ഞ്ഞു. വാറങ്കലിൽ ബിജെപി സംഘടിപ്പിച്ച റാലിയിലാണ് എംപി വിവാദ പരാമർശം നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

“നിങ്ങൾ കല്ലെറിയുകയാണെങ്കിൽ ഞങ്ങൾ ബോംബുകൾ ഉപയോഗിച്ച് പ്രതികരിക്കും. നിങ്ങൾ കത്തി ഉപയോഗിച്ച് ആക്രമിക്കുകയാണെങ്കിൽ, ഞങ്ങളും കത്തി കൊണ്ട് പ്രതികരിക്കും. നിങ്ങൾ ബോംബുകൾ ഉപയോഗിച്ച് ആക്രമിക്കുകയാണെങ്കിൽ ഞങ്ങൾ ‘ലോഞ്ചറുകൾ’ ഉപയോഗിച്ച് പ്രതികരിക്കും. യുദ്ധം ആരംഭിച്ചു. ഞങ്ങൾ ആരെയും വെറുതെ വിടില്ല“-ബണ്ടി സഞ്ജയ് കുമാര്‍ പറഞ്ഞു.

“രാജ്യദ്രോഹികൾക്ക് ഈ രാജ്യത്ത് സ്ഥാനമില്ല. നിങ്ങൾക്ക് പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോകണമെങ്കിൽ ഞങ്ങൾ നിങ്ങൾക്ക് വിമാനങ്ങളോ ബ്രേക്ക്‌ലെസ് ബസുകളോ നൽകും” സഞ്ജയ് കുമാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എഐഎംഐഎംനെയും ടിആര്‍എസിനെയും സഞ്ജയ് കുമാര്‍ നിശിതമായി വിമർശിച്ചു. ഹിന്ദുവിരുദ്ധ നിലപാടുകളാണ് ഇരുവിഭാ​ഗവും സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാവിക്കൊടിയല്ലാതെ, പച്ചക്കൊടിക്കും മറ്റ് കൊടികള്‍ക്കും തെലങ്കാനയില്‍ സ്ഥാനമില്ലെന്നും സഞ്ജയ് കുമാര്‍ കൂട്ടിച്ചേർത്തു.