ദുരന്തത്തിൽ തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. എന്താണ് സ്ഫോടനത്തിന് കാരണമായത് എന്ന് അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ മരുന്ന് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ഹൈദരാബാദ് പഷാമൈലാരത്തെ സിഗച്ചി എന്ന കമ്പനിയിൽ ഇന്നലെ ആണ് പൊട്ടിത്തെറി ഉണ്ടായത്. ഫാക്ടറിയുടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. രാത്രി മുഴുവൻ നടത്തിയ തിരച്ചിലിൽ ഫാക്ടറി അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
ഡിഎൻഎ പരിശോധനയടക്കം നടത്തിയാലെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകു. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് ആശങ്ക. സാരമായ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്. അവശിഷ്ടങ്ങൾ നീക്കുന്ന ജോലികൾ ഇനിയും ബാക്കിയുണ്ടെന്ന് ഹൈദരാബാദ് പൊലീസ് പറഞ്ഞു. അതേസമയം, ദുരന്തത്തിൽ തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. എന്താണ് സ്ഫോടനത്തിന് കാരണമായത് എന്ന് അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അന്വേഷിക്കും.സംഗറെഡ്ഡി ജില്ലയിലെ പഷാമൈലാരത്തെ സിഗചി കെമിക്കൽസ് എന്ന കമ്പനിയിൽ ആണ് ഇന്നലെ വൈകീട്ടാണ് വൻ സ്‌ഫോടനം നടന്നത്. ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. മൈക്രോ ക്രിസ്റ്റലൈൻ സെല്ലുലോസ് എന്ന കെമിക്കൽ നിർമാണമാണ് ഇവിടെ നടന്നിരുന്നത്. സ്ഫോടനം നടക്കുന്ന സമയത്ത് കമ്പനിയിൽ 111 പേര്‍ ജോലിക്ക് എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന കമ്പനിയുടെ ഡ്യൂട്ടി അറ്റന്‍ഡന്‍സ് രജിസ്റ്ററും പുറത്തുവന്നു.
അപകടം നടന്ന ഉടനെ പൊലീസും ഫയര്‍ഫോഴ്സുമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. സ്ഥലത്ത് നിന്ന് അവശിഷ്ടങ്ങളടക്കം നീക്കി മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.


