ചോദിച്ച ഒരു ചോദ്യത്തിനും മോദിക്ക് മറുപടിയില്ല. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിക്ക് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനാകില്ലെന്നും തെലങ്കാന മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ബെംഗളൂരു: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. മോദി ലോക്സഭയിൽ നടത്തിയത് വെറുപ്പുളവാക്കുന്ന പ്രസംഗമാണെന്ന് ചന്ദ്രശേഖർ റാവു വിമര്‍ശിച്ചു. ചോദിച്ച ഒരു ചോദ്യത്തിനും മോദിക്ക് മറുപടിയില്ല. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിക്ക് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനാകില്ലെന്നും തെലങ്കാന മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

തെലങ്കാന നിയമസഭയിലായിരുന്നു മോദിക്കെതിരായ കെസിആ‌റിന്‍റെ പ്രസംഗം. ലോകത്തിലെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസിയെ മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നുവെന്നും കെസിആർ ആരോപിച്ചു. പത്ത് ലക്ഷം കോടി ചെറിയ കളിയല്ല. നഷ്ടം വന്നാൽ ജനങ്ങൾക്ക് മേൽ, ലാഭം വന്നാൽ കോർപ്പറേറ്റുകൾക്ക് എന്നതാണ് മോദിയുടെ നയം. ബിസിനസ് ചെയ്യാനല്ല, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് സർക്കാരെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.

പൂജ മെഹ്‍റ എഴുതിയ 'നഷ്ടപ്പെട്ട പതിറ്റാണ്ട്' എന്ന പുസ്തകം ഉയർത്തിക്കാട്ടി ആയിരുന്നു കെസിആറിന്‍റെ വിമര്‍ശനം. യുപിഎ, എൻഡിഎ സ‍ർക്കാരുകളെ വിമർശനാത്മകമായി താരതമ്യം ചെയ്യുന്നതാണ് പുസ്തകം. രണ്ട് സർക്കാരുകളുടെയും കാലത്തെ ആളോഹരി വരുമാന വളർച്ചയിലെ അന്തരം ചൂണ്ടിക്കാട്ടിയ കെസിആർ, യുപിഎ സർക്കാരാണ് ഭേദമെന്നും പറഞ്ഞു. കണക്കുകളെ ഉദ്ധരിച്ചായിരുന്നു കെസിആറിന്‍റെ തെലങ്കാന നിയമസഭയിലെ പ്രസംഗം.