കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് പ്രകാശ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു

ഹൈദരാബാദ്: സഹപ്രവർത്തകയെ കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച പൊലീസുകാരൻ പിടിയിൽ. തെലങ്കാനയിൽ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയം തകർന്നതിലെ പക മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പ്രകാശൻ വെളിപ്പെടുത്തിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മന്ദാരിക എന്ന പൊലീസ് കോൺസ്റ്റബിളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിയ മന്ദാരികയെ വെങ്കാട്ടുപുരം ഗ്രാമത്തിൽ ആളൊഴിഞ്ഞ പ്രദേശത്ത് തടഞ്ഞുനിർത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പായ ശേഷം മന്ദാരികയുടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രകാശൻ തീകൊളുത്തി.

മന്ദാരിക വീട്ടിൽ മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് ചൊവ്വാഴ്ച പിതാവ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രകാശനെ സംശയം തോന്നിയ പൊലീസുകാർ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു.

വിവാഹിതനായ പ്രകാശ് സംഗറെഡ്ഡി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മന്ദാരികയെ കണ്ടത്. ഇരുവരും തമ്മിൽ പിന്നീട് പ്രണയത്തിലായി. ഇരുവരും വ്യത്യസ്ത സ്റ്റേഷനുകളിലേക്ക് സ്ഥലംമാറിപ്പോയിട്ടും പ്രണയം തുടർന്നു.

തന്നെ വിവാഹം കഴിക്കണമെന്ന് പ്രകാശിനെ മന്ദാരിക നിർബന്ധിച്ചിരുന്നു. ഈ ആവശ്യം മന്ദാരിക കൂടുതൽ ശക്തമായി ഉന്നയിച്ചതോടെ ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായി. തിങ്കളാഴ്ച മന്ദാരികയെ വീട്ടിൽ കൊണ്ടുവിടാമെന്ന വ്യാജേന കാറിൽ കയറ്റിയ പ്രകാശ് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നു.