ഹൈദരാബാദ്: കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് തുടരുമെന്ന് തെലങ്കാന സര്‍ക്കാര്‍. 21 ദിവസമാണ് നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സ്ഥിതി അനുസരിച്ച് ഇത് വീണ്ടും തുടര്‍ന്നേക്കുമെന്ന സൂചനയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു
 നല്‍കിയിരിക്കുന്നത്. കൊവിഡ് 19നെ നേരിടാന്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐസ്വലേഷന്‍ വാര്‍ഡിനായി 11,000 കിടക്കകള്‍ തയാറാക്കിയിട്ടുണ്ട്. 500 വെന്റിലേറ്ററുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി ബന്ധപ്പെടുകയാണെന്നും ഇവരെയും കൊവിഡ് 19നെ നേരിടുന്ന ദൗത്യത്തില്‍ ഉപയോഗിക്കുമെന്നും കെസിആര്‍ വ്യക്തമാക്കി.

അതേസമയം, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, ജനുവരി 18 ന് ശേഷം വിദേശത്ത് നിന്ന് വന്ന എല്ലാവരെയും നിരീക്ഷിക്കണമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഇതുസംബന്ധിച്ചുള്ള കത്ത് എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും നല്‍കിയിട്ടുണ്ട്. 15 ലക്ഷം പേര്‍ ഈ കാലയളവില്‍ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയെന്നാണ് കണക്കുകള്‍. കൊവിഡ് പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ സ്‌ക്രീനീംഗ് ഏര്‍പ്പെടുത്താന്‍ ജനുവരി 18 മുതലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 

എല്ലാ വിമാന സര്‍വ്വീസുകളും ഈ മാസം 23 നുള്ളില്‍ നിര്‍ത്തിവച്ചിരുന്നു. അതുവരെ ഏതാണ്ട് 15 ലക്ഷംപേര്‍ ഇന്ത്യയിലേക്ക് വന്നെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ കണക്കുകളില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന കണക്കുകളില്‍ അതിനെക്കാള്‍ കുറവ് ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.