തെലങ്കാനയിലെ നാഗർ കുർണൂലിൽ ടണലിടിഞ്ഞ് എട്ട് പേർ കുടുങ്ങിക്കിടക്കുന്നതിന് 40 മീറ്റർ അടുത്ത് വരെ എത്തി മടങ്ങി രക്ഷാ ദൗത്യ സംഘം. നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ഉത്തരാഖണ്ഡ് ദൗത്യത്തിൽ പങ്കെടുത്ത റാറ്റ് മൈനേഴ്സും ഇന്ന് രാവിലെ ദൗത്യസംഘത്തിന് സഹായവുമായെത്തി.
ബെംഗളൂരു: തെലങ്കാനയിലെ നാഗർ കുർണൂലിൽ ടണലിടിഞ്ഞ് എട്ട് പേർ കുടുങ്ങിക്കിടക്കുന്നതിന് 40 മീറ്റർ അടുത്ത് വരെ എത്തി മടങ്ങി രക്ഷാ ദൗത്യ സംഘം. നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ഉത്തരാഖണ്ഡ് ദൗത്യത്തിൽ പങ്കെടുത്ത റാറ്റ് മൈനേഴ്സും ഇന്ന് രാവിലെ ദൗത്യസംഘത്തിന് സഹായവുമായെത്തി. എൻഡോസ്കോപിക്, റോബോട്ടിക് ക്യാമറകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ ആരെങ്കിലും ബാക്കിയുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.
രാത്രി മുഴുവൻ ലൗഡ് സ്പീക്കറുകളുപയോഗിച്ച് കുടുങ്ങിയ ഓരോരുത്തരുടെയും പേര് വിളിച്ച് നോക്കി രക്ഷാപ്രവർത്തകർ. മറുപടിയൊന്നുമുണ്ടായിരുന്നില്ല. രാത്രി വെള്ളമൊഴുകിയിറങ്ങിയത് കൂടിയതോടെ രക്ഷാപ്രവർത്തനവും ദുഷ്കരമായി. മേൽക്കൂര ഇപ്പോഴും ഇടിയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വമ്പൻ ബോറിംഗ് മെഷീനടക്കം പൂർണമായി തകർന്ന് അവശിഷ്ടങ്ങൾ അപകടകരമായ രീതിയിൽ കുന്നുകൂടി കിടക്കുന്നു.
വളരെയധികം രക്ഷാപ്രവർത്തകരെയും യന്ത്രങ്ങളെയും ഒന്നിച്ച് ദുരന്തം നടന്ന ഭാഗത്തേക്ക് എത്തിക്കാനാകില്ല. അത് ദൗത്യസംഘത്തിന്‍റെ സുരക്ഷയെക്കൂടി ബാധിക്കുമെന്നതിനാൽ പതുക്കെയാണ് രക്ഷാപ്രവർത്തകർ അകത്തേക്ക് നീങ്ങുന്നത്. ഇന്ന് രാവിലെയോടെ നാവികസേനയുടെ മറൈൻ കമാൻഡോസായ മാർകോസ് രക്ഷാദൗത്യത്തിനെത്തി. ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ മണ്ണിടിച്ചിലിൽ കുടുങ്ങിപ്പോയ 41 തൊഴിലാളികളെ ജീവനോടെ രക്ഷിച്ച റാറ്റ് മൈനേഴ്സും ഉച്ചയ്ക്ക് 12 മണിയോടെ എത്തി. അത്യന്താധുനിക എൻഡോസ്കോപ്പിക്, റോബോട്ടിക് ക്യാമറകളുപയോഗിച്ചും തെരച്ചിൽ നടത്തുകയാണ് ദൗത്യസംഘം.
പതിനൊന്നര കിലോമീറ്റർ അകത്ത് വരെ ജനറേറ്ററുകളും കൂടുതൽ പമ്പ് സെറ്റുകളുമെത്തിച്ചിട്ടുണ്ട്. പിന്നീടുള്ള രണ്ട് കിലോമീറ്റർ താൽക്കാലിക കൺവെയർ ബെൽറ്റ് സജ്ജീകരിച്ചു. അവശിഷ്ടങ്ങൾ ഈ കൺവെയർ ബെൽറ്റ് വഴി പുറത്തേക്ക് കൊണ്ട് വരികയാണ്. കരുതലോടെ അവശിഷ്ടങ്ങൾ പൂർണമായും നീക്കുന്നത് വരെ ദൗത്യം തുടരാനാണ് സർക്കാരിന്‍റെ തീരുമാനം.

