ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്റിറനറി ഡോക്ടറെ കൂട്ടബലാത്സം​ഗത്തിനിരയാക്കി ചുട്ടുകൊന്ന സംഭവത്തിൽ പ്രതികരണവുമായി പ്രതികളിലൊരാളുടെ അമ്മ. ആ പെൺകുട്ടി അനുഭവിച്ച വേദനയെന്താണെന്ന് തന്റെ മകനും അറിയണമെന്നാണ് പ്രതികളിലൊരാളായ മുഹമ്മദ് ആരിഫിന്റെ അമ്മ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ലോറി ഡ്രൈവര്‍മാരായ ജോല്ലു ശിവ, ആരിഫ്, ജൊല്ലു നവീൻ, ചിന്തകുന്ത ചെന്നകേശവലു എന്നിവരാണ് പിടിയിലായ പ്രതികൾ.

തന്റെ മകനെ കല്ലെറിഞ്ഞോ തൂക്കിയോ കൊന്നുകളയാനാണ് ആരിഫിന്റെ മാതാവിന്റെ പ്രതികരണം. ഇരയായ പെൺകുട്ടി കടന്നുപോയ അതേ അ​ഗ്നിപരീക്ഷകൾ തന്റെ മകനും അനുഭവിക്കട്ടെ എന്ന് അവർ പറയുന്നു. പ്രതികളുടെ കുടുംബാം​ഗങ്ങൾ സമാനമായ രീതിയിലാണ് പ്രതികരിക്കുന്നത്. മകന് ശിക്ഷ ഉറപ്പാക്കണമെന്ന് ചിന്നകേശവലുവിന്റെ മാതാവ് ആവശ്യപ്പെടുന്നു. ''ഒരമ്മയ്ക്ക് മാത്രമേ തന്റെ കുഞ്ഞ് നഷ്‍ടപ്പെടുമ്പോഴുള്ള വേദന മനസ്സിലാകൂ. ഞാനവന്റെ അമ്മയാണ്. പ​ക്ഷേ അവനെ ന്യായീകരിക്കാൻ ഞാൻ തയ്യാറല്ല.'' അവർ കൂട്ടിച്ചേർക്കുന്നു.

പ്രതികൾക്ക് ശക്തമായ ശിക്ഷ കൊടുക്കണമെന്ന് ഇവർ വാദിക്കുന്നു. പ്രതികളെ പൊതുജനമധ്യത്തിൽ പരസ്യമായി ആൾക്കൂട്ടക്കൊലയ്ക്ക് വിധേയരാക്കണമെന്നായിരുന്നു എംപി ജയാ ബച്ചൻ ആവശ്യപ്പെട്ടത്. അതുപോലെ രാജ്യമെമ്പാടും ഈ സംഭവത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഭയപ്പെടുത്തുന്ന ക്രൂരപീഡനങ്ങളാണ് കൊല്ലപ്പെട്ട പെൺകുട്ടി അഭിമുഖീകരിച്ചതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.