സംഘർഷം തീർക്കാനുള്ള നീക്കങ്ങൾ നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. വെടിനിർത്തൽ നല്ല സൂചനയെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഹോർമൂസിൽ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ദില്ലി: യുഎസ് ഇറാൻ വെടിനിര്‍ത്തൽ സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ വ്യത്തങ്ങൾ. ഹോർമുസ് കടലിടുക്കിൽ മുൻസ്ഥിതി പുനസ്ഥാപിക്കണം എന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നില്ക്കും. ബാക്കിയുള്ള ഇന്ത്യക്കാർ ഉടൻ ചർച്ചകൾക്ക് പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. പാകിസ്ഥാന് ചർച്ചകളിൽ കിട്ടിയ സ്ഥാനം നരേന്ദ്രമോദിയുടെ വിദേശകാര്യനയത്തിനേറ്റ തിരിച്ചടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് ഇന്ത്യയ്ക്ക് സൂചനകളുണ്ടായിരുന്നു. ഇറാൻറെ നിലപാടെന്തെന്ന് വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചി കഴിഞ്ഞ ദിവസം എസ് ജയശങ്കറുമായുള്ള ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. യുഎഇയുമായും ഖത്തറുമായും ഇന്ത്യ നടത്തിയ ചർച്ചയിൽ ഈ സന്ദേശം കൈമാറുകയും ചെയ്തു. സംഘർഷം ചർച്ചയിലൂടെ തീർക്കണം എന്നത് ഇന്ത്യ തുടർച്ചയായി സ്വീകരിച്ച നിലപാടാണ്. രണ്ടു തരത്തിൽ ഈ വെടിനിറുത്തൽ ഇന്ത്യയ്ക്ക് ആശ്വാസമാണ്. ഗൾഫ് രാജ്യങ്ങളിലെ ഒരു കോടിയോളം ഇന്ത്യയ്ക്കാരുടെ സുരക്ഷയ്ക്ക് സംഘർഷം ഉയർത്തിയ ഭീഷണി തല്ക്കാലത്തേക്ക് അകലുകയാണ്. ഹോർമുസ് കടലിടുക്ക് വഴി ചരക്ക് കപ്പലുകൾ വരാൻ
വഴിയൊരുങ്ങിയാൽ അത് എൽപിജി പ്രതിസന്ധിക്കടക്കം പരിഹാരമാകും. എന്നാൽ ഹോർമുസ് തുറക്കുമ്പോൾ ഫീസ് ഏർപ്പെടുത്തുന്നത് പോലുള്ള നടപടികളോട് ഇന്ത്യയ്ക്ക് യോജിപ്പില്ല. ഓരോ കപ്പലിനും ഇരുപത് ലക്ഷം ഡോളർ നിരക്ക് വരെ ഈടാക്കും എന്ന റിപ്പോർട്ടുകളുണ്ട്. ഇത് എണ്ണവില ഉയരാൻ ഇടയാക്കും എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തുടർ ചർച്ചകളുടെ ഫലം എന്തെന്ന് ഇന്ത്യ വിലയിരുത്തും.
ഇറാനിൽ ഇപ്പോൾ ബാക്കിയുള്ള ഇന്ത്യക്കാർ വെടിനിറുത്തൽ പ്രയോജനപ്പെടുത്തി മടങ്ങണം എന്ന് ഇന്ത്യ നിർദ്ദേശിച്ചു. ഇന്ത്യൻ എംബസിയുടെ അറിവോടെയാകണം യാത്ര എന്ന നിർദ്ദേശവും നല്കിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളെ പിണക്കാതെയുള്ള നയമാണ് തുടക്കം മുതൽ ഇന്ത്യ സ്വീകരിച്ചത്. ഇത് ഗുണം ചെയ്തു എന്നാണ് സർക്കാർ വിലയിരുത്തൽ, എന്നാൽ പാകിസ്ഥാന് ചർച്ചകളിൽ കിട്ടിയ പ്രാധാന്യവും നേതൃത്വവും ഇന്ത്യ നിരീക്ഷിക്കുകയാണ്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് തുടരാൻ പാകിസ്ഥാൻ ഈ സാഹചര്യം മുതലെടുക്കാനിടയുണ്ടെന്ന് ഇന്ത്യ കരുതുന്നു. പാകിസ്ഥാൻ നേതൃത്വത്തിലുള്ള മധ്യസ്ഥത നരേന്ദ്ര മോദിയുടെ നയങ്ങൾക്കേറ്റ തിരിച്ചടിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.

