Asianet News MalayalamAsianet News Malayalam

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വച്ചു

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കവേ, സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. 

tenth cbse exams cancelled twelfth class exams postponed
Author
New Delhi, First Published Apr 14, 2021, 2:12 PM IST

ദില്ലി: ഈ വർഷത്തെ പത്താംക്ലാസ് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി, പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ മാറ്റിവച്ചു. രാജ്യത്ത് ആഞ്ഞടിക്കുന്ന കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവയ്ക്കുകയും റദ്ദാക്കുകയും ചെയ്തിരിക്കുന്നത്. സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് സിബിഎസ്ഇ തീരുമാനം പ്രഖ്യാപിച്ചത്. 

വിദ്യാർത്ഥികളുടെ മുൻവർഷത്തെ മാർക്കുകളുടെ അടിസ്ഥാനത്തിലടക്കം കുട്ടികളെ പാസ്സാക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കുന്നു. പത്താം ക്ലാസ്സിൽ നിന്ന് പതിനൊന്നാം ക്ലാസ്സിലേക്ക് കുട്ടികളെ എങ്ങനെ പ്രവേശിപ്പിക്കുമെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കും.

സിബിഎസ്ഇ പറയുന്നതിങ്ങനെ:

മെയ് നാല് മുതൽ പതിനാല് വരെ നടത്താനിരുന്ന പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ തൽക്കാലം മാറ്റി വച്ചിട്ടുണ്ട്. ഈ പരീക്ഷകൾ പിന്നീട് നടത്തുന്നതായിരിക്കും. ജൂൺ 1-ന് സാഹചര്യം വിലയിരുത്തിയ ശേഷം സിബിഎസ്ഇ പരീക്ഷാത്തീയതികൾ പ്രഖ്യാപിക്കും. പരീക്ഷ തുടങ്ങുന്നതിന് പതിനഞ്ച് ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കും.

മെയ് നാല് മുതൽ പതിനാല് വരെ നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. പത്താം ക്ലാസിലെ പരീക്ഷാഫലം സിബിഎസ്ഇ തന്നെ രൂപീകരിക്കുന്ന ഒരു പരീക്ഷാരീതി പ്രകാരമാകും നിശ്ചയിക്കുക. ഇത് വഴി ലഭിക്കുന്ന മാർക്കുകളിൽ കുട്ടിക്ക് സംതൃപ്തിയില്ലെങ്കിൽ എഴുത്തുപരീക്ഷയിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. എന്നാൽ ഈ പരീക്ഷ സാഹചര്യം മെച്ചപ്പെട്ട ശേഷം മാത്രമേ നടത്തൂ. 

വിദ്യാഭ്യാസത്തിന്‍റെ ചുമതലയുള്ള മന്ത്രി രമേശ് പൊഖ്‍റിയാലിനെയും സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരെയും ഉന്നതതലയോഗത്തിൽ പ്രധാനമന്ത്രി കണ്ടിരുന്നു. ദില്ലി മുഖ്യമന്ത്രിയടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സിബിഎസ്ഇ പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റാൻ തീരുമാനമുണ്ടായത്.

തത്സമയസംപ്രേഷണം:

മെയ് നാലിനാണ് സിബിഎസ്ഇ 10, 12 പരീക്ഷകൾ നടക്കാനിരുന്നത്. ഓഫ് ലൈനായിട്ടാകും പരീക്ഷകൾ നടത്തുകയെന്ന് സിബിഎസ്ഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിലാണ് പരീക്ഷാത്തീയതികൾ പ്രഖ്യാപിച്ചത്. അന്ന് കൊവിഡ് നിയന്ത്രണത്തിലായ ഘട്ടത്തിലായിരുന്നു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകൾ പതിനയ്യായിരത്തിൽ താഴെയായ കാലത്താണ് പരീക്ഷകൾ നടത്താൻ സിബിഎസ്ഇ തീരുമാനിച്ചത്.

എന്നാൽ ഇന്ന് മാത്രം രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകൾ 1.84 ലക്ഷമാണ്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. പ്രതിദിനമരണം ആയിരം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത് 1027 പേരാണ്. ഇതും കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ മരണനിരക്കാണ്. രാജ്യത്ത് നിലവിൽ 13 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, രാഹുൽ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരടക്കം നിരവധി നേതാക്കളും സംസ്ഥാനങ്ങളും പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ സിബിഎസ്ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നു. ദില്ലിയിൽ മാത്രം ആറ് ലക്ഷം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതാനിരിക്കുന്നത്. ഒരു ലക്ഷം അധ്യാപകർ പരീക്ഷാഡ്യൂട്ടിയിലുണ്ടാകും. ഓൺലൈൻ മാതൃകയിൽ പരീക്ഷ നടത്തണമെന്നും, ഒരു മാസം കൊണ്ട് അതിനുള്ള സജ്ജീകരണങ്ങളൊരുക്കണമെന്നുമാണ് ദില്ലി സർക്കാരിന്‍റെ ആവശ്യം. ഇന്‍റേണൽ അസസ്മെന്‍റ് മാർക്കിന്‍റെ അടിസ്ഥാനത്തിൽ കുട്ടികളെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ ഒരു സംഘടനയും പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. കുട്ടികളും, ബഹുഭൂരിപക്ഷം അധ്യാപകരും ഇപ്പോഴും വാക്സീൻ സ്വീകരിച്ചിട്ടില്ലാത്തതിനാൽ വൻ കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് അവർ ചൂണ്ടിക്കാട്ടിയത്. ഇതെല്ലാം പരിഗണിച്ചാണ് കേന്ദ്രസർക്കാർ തീരുമാനം. 

Follow Us:
Download App:
  • android
  • ios