കശ്മീർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. മൂന്ന് സേനാ അംഗങ്ങൾക്ക് വീരമൃത്യു. രണ്ട് സിആർപിഎഫ് ജവാൻമാരും ഒരു പൊലീസുകാരനുമാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ സേനക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. സുരക്ഷാ സേന പ്രദേശം അടച്ച് തെരച്ചിൽ തുടങ്ങി.

രാവിലെ 9 മണിയോടെയാണ് വടക്കൻ കശ്മീരിലെ ബാരാമുള്ളയിലെ കെരാരി മേഖലയിൽ സുരക്ഷ ജോലിയിലായിരുന്നു സംഘത്തിന് നേരെ ഭീകരര‍ർ വെടിവച്ചത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് വെടിവച്ചത്. തുടർന്ന് സുരക്ഷസേന തിരിച്ചടിച്ചു. പതിനഞ്ച് മിനിറ്റോളം ഏറ്റുമുട്ടൽ തുടർന്നെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ മൂന്നു ജവാന്മാർക്ക് വെടിയേറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 

 

രണ്ട് സിആർപിഎഫ് ജവാൻമാർക്കൊപ്പം. ജമ്മു കശ്മീർ പൊലീസിലെ സെപ്ഷ്യൽ പൊലീസ് ഓഫീസർ മുസഫർ അഹമ്മദും വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശം അടച്ചു. ഇവിടെ ഒളിച്ചിരിക്കുന്ന ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം ബാരാമുള്ളയ്ക്ക സമീപം സോപോരയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. എന്നാൽ ഈ ഏറ്റുമുട്ടലിൽ ആർ‍ക്കും പരിക്കിറ്റേട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഒരാഴ്ച്ചക്കിടെ സുരക്ഷസേനക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ശ്രീനഗറിലെ നൗഗാം ബൈപ്പാസിന് സമീപം സുരക്ഷ ജോലിയിൽ ഉണ്ടായിരുന്ന ജമ്മു കശ്മീർ പൊലീസ് സംഘത്തിന് നേരെ ജെയ്ഷേ മുഹമ്മദ് ഭീകരര‍ർ വെടിവച്ചിരുന്നു. ആക്രമണത്തിൽ രണ്ട് ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥർക്കാർണ് ജീവൻ നഷ്ടമായത്.