ഉഡുപ്പി: ദേശീയ മൃഗം കടുവയായതിനാലാണ് രാജ്യത്ത് തീവ്രവാദം വര്‍ധിച്ചതെന്നും പശുവിനെ ദേശീയ മൃഗമാക്കിയിരുന്നെങ്കില്‍ തീവ്രവാദം ഉണ്ടാകില്ലായിരുന്നെന്നും ഉഡുപ്പി പേജാവര്‍ മഠത്തിലെ സ്വാമിയായ വിശ്വേശ്വര തീര്‍ത്ഥസ്വാമി. ഉഡുപ്പിയിലെ സന്ന്യാസിമാരുടെ സമാഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത് ഇന്ത്യയുടെ ദേശീയ മൃഗം കടുവയായതു കൊണ്ടാണെന്നും സ്നേഹത്തിന്‍റെയും നിഷകളങ്കതയുടെയും പ്രതീകമായ പശുവിനെ ദേശീയ മൃഗമാക്കിയിരുന്നെങ്കില്‍ രാജ്യത്ത് തീവ്രവാദം ഉണ്ടാകില്ലായിരുന്നെന്നും വിശ്വേശ്വര തീര്‍ത്ഥസ്വാമി പറഞ്ഞു. പശുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയും ഗംഗാ നദി മാലിന്യമുക്തമാക്കുന്നതിന് വേണ്ടിയും ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

യോഗാഗുരു ബാബാരാംദേവും സമാഗമത്തില്‍ പങ്കെടുത്തിരുന്നു. മത്സ്യ, മാംസാദികള്‍ കഴിക്കുന്നതു കൊണ്ടാണ് ആഗോളതാപനം ഉണ്ടാകുന്നതെന്ന് ബാബാ രാംദേവ് പറഞ്ഞു. ബാബറിന്‍റെയും ഔറംഗസേബിന്‍റെയും കാലത്ത് ഗോവധ നിരോധനം നിലനിന്നിരുന്നെന്നും ജനങ്ങള്‍ ബീഫ് കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.