ഗുജറാത്തിലെ സിർ ക്രിക്കിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സൈന്യം

ദില്ലി: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യത എന്ന് സൈന്യം. കരസേനാ ദക്ഷിണേന്ത്യൻ കമാന്‍ഡന്‍റ് ലഫ്. ജനറൽ എസ് കെ സൈനി ആണ് ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സിർ ക്രിക്കിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സൈന്യം വ്യക്തമാക്കി.

ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാൻ രഹസ്യമായി ജയിൽമോചിതനാക്കിയെന്നും രാജ്യമെമ്പാടും പാകിസ്ഥാൻ വൻഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും ഇന്‍റലിജൻസ് ബ്യൂറോ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവിയും അധികാരങ്ങളും എടുത്തു കളഞ്ഞതിന് പിന്നാലെയാണ് പാകിസ്ഥാൻ വൻ ആക്രമണത്തിന് ലക്ഷ്യമിടുന്നത്. 

ഇന്‍റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ് ലഭിച്ചതോടെ രാജ്യമെമ്പാടും അതീവജാഗ്രതാ നിർദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബിഎസ്‍എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്പുകളിലും ജാഗ്രത ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഒരു ആക്രമണമുണ്ടായേക്കാം എന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. 

ഭീകരാക്രമണ മുന്നറിയിപ്പ്; കേരളത്തിലും ജാഗ്രത, ഓണത്തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ