ദില്ലി: ബലി പെരുന്നാള്‍ ദിനവും സ്വാതന്ത്ര്യ ദിനവും ലക്ഷ്യമാക്കി ഭീകരാക്രമണം നടത്താന്‍ ജമ്മു കശ്മീരിലേക്ക് ഭീകര സംഘടനയായ ജെയ്ഷെ  മുഹമ്മദിന്‍റെ ഏഴംഗ സംഘം നുഴഞ്ഞുകയറിയെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനില്‍ മുസ്ലിം പള്ളിക്കുനേരെ ആക്രമണം നടത്തി, ഇന്ത്യയെ പഴിചാരാനും പദ്ധതിയുണ്ടെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഏഴംഗ ഭീകരസംഘം പാനിഹാല്‍, പിര്‍ പഞ്ചാല്‍ പര്‍വത മേഖലകളില്‍ പ്രവേശിച്ചിട്ടുണ്ടെന്നും രജൗരിയില്‍നിന്നോ പൂഞ്ചില്‍നിന്നോ ആകാം ഭീകരര്‍ നുഴഞ്ഞുകയറിയതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുല്‍ റൗഫാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്.

കശ്മീരിനെ രണ്ടാക്കി വിഭജിക്കുകയും പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തതില്‍ പാകിസ്ഥാന്‍ എതിര്‍പ്പുന്നയിച്ചിരുന്നു. അമേരിക്കയുടെയും അറേബ്യന്‍ രാജ്യങ്ങളുടെയും പിന്തുണ ലഭിക്കാത്തതില്‍ അസംതൃപ്തരായതിനെ തുടര്‍ന്നാണ് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.