ദില്ലി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് ആവര്‍ത്തിച്ച ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഭീകരവാദിയാണെന്ന് രാഹുല്‍ ഗാന്ധി. ഭീകരവാദിയായ പ്രഗ്യ ഭീകരവാദിയായ ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

'ഭീകരവാദിയായ പ്രഗ്യ ഭീകരവാദിയായ ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ചരിത്രത്തിലെ ദു:ഖകരമായ ദിനം'- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ബിജെപി എംഎല്‍എ പ്രഗ്യയുടെ ഗോഡ്സെ പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ ചര്‍ച്ച അനുവദിക്കണമെന്ന ആവശ്യം സ്പീക്കര്‍ ഓം ബിര്‍ല നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്വീറ്റ്. ലോക്സഭയില്‍ എസ്പിജി ബില്ലിന്‍റെ ചര്‍ച്ചക്കിടെ കഴി‍ഞ്ഞ ദിവസമായിരുന്നു പ്രഗ്യാ സിംഗിന്‍റെ പരാമര്‍ശം.എന്തുകൊണ്ട് ഗാന്ധിജിയെ കൊലപ്പെടുത്തി എന്നത് സംബന്ധിച്ച്, ഡിഎംകെ എംപി എ രാജ ഗോഡ്സെയുടെ വാക്കുകള്‍ ഉദ്ധരിക്കവേയാണ് പ്രഗ്യ ഇടപെട്ട് വിവാദ നിലപാട് ആവര്‍ത്തിച്ചത്.