ലണ്ടന്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍ എംപി റിസ്സാർഡ് സാർനെക്കി. തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കുന്നത് അയല്‍രാജ്യങ്ങളില്‍ നിന്നാണെന്നും ആരും ചന്ദ്രനില്‍ നിന്നും എത്തുന്നില്ലെന്നും പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച്  യൂറോപ്യന്‍ യൂണിയന്‍ എംപി റിസ്സാർഡ് സാർനെക്കി വ്യക്തമാക്കി. പോളണ്ടില്‍ നിന്നുള്ള യൂറോപ്യന്‍ യൂണിയന്‍ മെമ്പറാണ് റിസ്സാർഡ് സാർനെക്കി. 

'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ജമ്മുകശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കശ്മീരിലേക്ക് നുഴഞ്ഞുകയറുന്ന  തീവ്രവാദികളാരും ചന്ദ്രനില്‍ നിന്നും എത്തുന്നവരല്ല. ഇവര്‍ അയല്‍രാജ്യത്ത് നിന്നും എത്തുന്നവരാണ്'. കശ്മീരിലെ തീവ്രവാദി വിഷയത്തില്‍ നാം ഇന്ത്യയെ പിന്തുണയ്ക്കണമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്കെതിരെ രാജ്യങ്ങളെ അണിനിരത്താനുള്ള പാക്ക് ശ്രമത്തിനേറ്റ വലിയ തിരിച്ചടിയാണ്  സാർനെക്കിയുടെ വിമര്‍ശനം.