Asianet News MalayalamAsianet News Malayalam

സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് 'കാവി നിറം': തമിഴ്നാട്ടില്‍ പ്രതിഷേധം

ഭാരതിയുടേതു കൂടാതെ ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, ക്ഷേത്രങ്ങൾ എന്നിവ പാഠപുസ്തകത്തിന്‍റെ പുറം ചട്ടയില്‍ ഉണ്ട്. തലപ്പാവിന് കാവി നിറം നൽകിയതിനെതിരെ ഡിഎംകെ പ്രതിഷേധം ആരംഭിച്ചു

Textbook showing saffron Subramanya Bharati sparks controversy
Author
Tamil Nadu, First Published Jun 4, 2019, 9:14 PM IST

ചെന്നൈ:  പാഠപുസ്തകത്തിന്‍റെ പുറംചട്ടയില്‍ കവി സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് കാവി നിറം നൽകിയതിനെതിരെ തമിഴ്നാട്ടിൽ വിവാദം പുകയുന്നു. സ്കൂൾ വിദ്യാഭ്യാസ വകുപ്പും എജ്യുക്കേഷണൽ സർവീസ് കോർപ്പറേഷനും ചേർന്നിറക്കിയ 12–ാം ക്ലാസ് പുസ്തകത്തിന്‍റെ കവർ ചിത്രത്തിലാണ് സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് കാവി നിറം നല്‍കിയത്. സുബ്രഹ്മണ്യ ഭാരതിയുടെ എല്ലാ ചിത്രങ്ങളും കറുത്ത കോട്ടും, വെള്ള തലപ്പാവും ആയിരിക്കെയാണ് ഈ നിറ വ്യത്യാസം.

ഭാരതിയുടേതു കൂടാതെ ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, ക്ഷേത്രങ്ങൾ എന്നിവ പാഠപുസ്തകത്തിന്‍റെ പുറം ചട്ടയില്‍ ഉണ്ട്. തലപ്പാവിന് കാവി നിറം നൽകിയതിനെതിരെ ഡിഎംകെ പ്രതിഷേധം ആരംഭിച്ചു. കാവി തലപ്പാവ് ധരിച്ച ഭാരതിയെ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് ഡിഎംകെ എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ തങ്കം തെന്നരസു ചോദിച്ചു.എന്നാൽ ദുരുദ്ദേശത്തോടെയല്ല ചിത്രം വരച്ചതെന്ന് പേജ് ഡിസൈൻ ചെയ്ത കതിർ അറുമുഖം പറഞ്ഞു. 

ദേശീയ പതാകയുടെ നിറങ്ങളാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. തലപ്പാവിന് നൽകിയിരിക്കുന്ന നിറം കാവിയല്ല ഓറഞ്ചാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഭാരതിയുടെ തലപ്പാവിന് കാവി നിറം നല്‍കിയത് മനപൂര്‍വ്വമാണെന്നും. ഒരിക്കലും ഭാരതിയെ കാവി തലപ്പാവില്‍ കണ്ടിട്ടില്ലെന്നും. ഇത് വലിയ പ്രധാന്യത്തോടെയാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്. ദേശീയ പതാകയിലെ നിറത്തെ കാണിക്കാന്‍ ആണെങ്കില്‍ എന്തിന് ഭാരതിയുടെ തലപ്പാവ് കാവിയാക്കണം?- ചെന്നൈയിലെ പേരു വെളിപ്പെടുത്താത്ത ടീച്ചര്‍ പറയുന്നു. 

കാവിവത്കരണത്തിനെതിരെ അധ്യാപകരടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എഐഎഡിഎംകെ സ്കൂള്‍ വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഇതോടെ പുറത്തിറക്കി ആദ്യദിനം തന്നെ തമിഴ് പാഠപുസ്തകം വിവാദമാകുകയാണ്.

Follow Us:
Download App:
  • android
  • ios