മുംബൈ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആളുമാറി മറ്റൊരു കുടുംബത്തിന് നൽകി. മഹാരാഷ്ട്രയിലെ താനെയിലുള്ള ആശുപത്രിയിലാണ് അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായത്. ജൂൺ 29ന് ഇവിടെ പ്രവേശിപ്പിച്ച 72കാരന്‍റെ മൃതദേഹമാണ് ആളുമാറി മറ്റൊരു കുടുംബത്തിന് വിട്ടു നല്‍കിയത്. 

താത്കാലിക കൊവിഡ് കേന്ദ്രമായ ഗ്ലോബൽ ഹബ് കൊവിഡ് ഫെസിലിറ്റിയിലാണ് സംഭവം. ചികിത്സക്കായി പ്രവേശിപ്പിച്ച വയോധികന്റെ വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. എന്നാൽ അദ്ദേഹത്തെ പറ്റി വിവരമൊന്നും ലഭിച്ചിരുന്നില്ല. പിന്നാലെ ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അന്വേഷണത്തിൽ ഈ രോഗി രണ്ട് ദിവസം മുമ്പ് മരണപ്പെട്ടുവെന്നും ചികിത്സാ രേഖകളിലുണ്ടായ പിശക് മൂലം മൃതദേഹം മറ്റൊരു കുടുംബത്തിന് വിട്ടു നൽകിയെന്നും കണ്ടെത്തി. അന്ന് തന്നെ ഇയാളുടെ സംസ്കാര ചടങ്ങുകൾ നടന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.

ശേഷം ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തിൽ മൃതദേഹം കൊണ്ടുപോയ കുടുംബത്തിലെ രോഗി ഇപ്പോഴും ചികിത്സയിൽ തുടരുന്നുണ്ടെന്നും വ്യക്തമായി. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. 'രണ്ട് രോഗികളുടെയും ചികിത്സാ രേഖകൾ തമ്മിൽ മാറിപ്പോയതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്' എന്നായിരുന്നു ഇവരുടെ പ്രതികരണം.