ദില്ലി: ഞെട്ടിക്കുന്ന വിജയവുമായി മൂന്നാം തവണയും അധികാരത്തിലേക്ക് കടക്കുകയാണ് ആം ആദ്മി പാര്‍ട്ടി. രാജ്യതലസ്ഥാനത്തന്‍റെ ഹൃദയം കാത്ത കെജ്‍രിവാളിന് ആശംസകളുമായി രാഷ്ട്രീയക്കാരെല്ലാം എത്തുകയാണ്. ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ച ദില്ലിക്കാര്‍ക്ക് നന്ദി എന്നായിരുന്നു മുന്‍ ജെഡിയു നേതാവും രഷ്ട്രീയ ഉപദേശകനുമായ പ്രശാന്ത് കിഷോര്‍ ട്വീറ്റില്‍ പറഞ്ഞത്.

സിഎഎ നിയമത്തിന് അനുകൂലമായി നിലപാടെടുത്ത നിതീഷ് കുമാറുമായി ഇടഞ്ഞ പ്രശാന്ത് കിഷോറാണ് ദില്ലിയില്‍ ആം ആദ്മിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. നിതീഷ് കുമാറുമായി ഇടഞ്ഞ് പാര്‍ട്ടിയില്‍ നിന്നുകൊണ്ടുതന്നെയുള്ള വിമര്‍ശനമായിരുന്നു പ്രശാന്ത് കിഷോര്‍ ഉന്നയിച്ചത്. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ കിഷോറിന്‍റെ ദില്ലി സാന്നിധ്യം ഏറെ ചര്‍ച്ചയാകുന്നുണ്ട്.

2014ല്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപിക്ക് വേണ്ടിയും പ്രശാന്ത് കിഷോര്‍ പ്രചാരണം നയിച്ചിരുന്നു. ദില്ലി പിടിക്കാന്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മേലെ പ്രശാന്തിന് ദില്ലിയില്‍ ചിലത് സാധിച്ചുവെന്നാണ് ഫലം വ്യക്തമാക്കുന്നത്. ദില്ലി പിടിക്കുമെന്ന ആത്മവിശ്വാസം അവസാന നിമിഷം വരെ പ്രകടിപ്പിച്ച ബിജെപിക്ക് 13 സീറ്റുകള്‍ മാത്രമാണ് നേടാനായത്. നില മെച്ചപ്പെടുത്തി എന്ന് പറയാമെങ്കിലും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് രാജ്യ തലസ്ഥാനം നഷ്ടപ്പെട്ടത് അത്ര ശുഭകരമല്ലെന്നു തന്നെയാണ് വിലയിരുത്തലുകള്‍.