പട്‍ന: ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 73 ആയി. ബിഹാറിലെ മുസഫർ പൂർ ജില്ലയിൽ മാത്രമാണ് ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ മുസഫർപൂർ സന്ദർശിക്കും.

എല്ലാ മരണങ്ങളും മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലും കെജ്‍രിവാൾ മൈത്രിസദൻ ആശുപത്രിയിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനുവരി മുതൽ മുസഫർപൂരിൽ മാത്രം മസ്തിഷ്ക ജ്വരം ബാധിച്ച് 134 കുഞ്ഞുങ്ങളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ മാത്രം 119 കുഞ്ഞുങ്ങൾ കടുത്ത പനിയും മസ്തിഷ്ക ജ്വരവും ബാധിച്ച് ചികിത്സ തേടിയെത്തി. രണ്ട് ദിവസം മുമ്പ് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 48 ആയിരുന്നു. ഇതാണ് കുത്തനെ കൂടിയിരിക്കുന്നത്. 

നിലവിൽ മസ്തിഷ്കജ്വരം ബാധിച്ച് ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒമ്പത് കുട്ടികളുടെ നില ഗുരുതരമാണ്. കെജ്‍രിവാൾ മൈത്രിസദനിലെ അഞ്ച് കുട്ടികളും ഗുരുതരാവസ്ഥയിൽ തുടരുന്നു. 

വ്യാഴാഴ്ച, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളടങ്ങിയ ഏഴംഗ വിദഗ്‍ധ സംഘം രണ്ട് ആശുപത്രികളും സന്ദർശിച്ചിരുന്നു. കുട്ടികൾക്കായി പ്രത്യേക വാർഡ് വേണമെന്നും കുട്ടികളുടെ സാംപിളുകൾ പരിശോധിക്കാൻ പ്രത്യേക ലാബ് തുറക്കണമെന്നും വിദഗ്‍ധ സംഘം നിർദേശിച്ചു. ''ഇത്തരം രോഗം ബാധിച്ചെത്തുന്ന കുട്ടികൾക്കുള്ള ചികിത്സയ്ക്കായി വിദഗ്‍ധ സംഘം പ്രത്യേക ചികിത്സാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കുട്ടികളുടെ റിപ്പോർട്ട് മാത്രം പരിശോധിക്കാനായി ലാബ് തുറക്കുന്നതോടെ പെട്ടെന്ന് ഫലം പരിശോധിച്ച് വിദഗ്‍ധ ചികിത്സ ഉറപ്പാക്കാനാകും'', മുസഫർപൂർ സിവിൽ സർജൻ ഡോ. ശൈലേഷ് കുമാർ വ്യക്തമാക്കി. 

രോഗം ബാധിച്ച കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ബംഗാൾ ആരോഗ്യമന്ത്രി മംഗൾ പാണ്ഡേ വ്യക്തമാക്കി. മരുന്നുകൾ മുതൽ കൂടുതൽ ഡോക്ടർമാരെ എത്തിക്കുന്നത് വരെ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പട്‍നയിലെ എയിംസിൽ നിന്ന് നഴ്‍സുമാരെ വിവിധ ആശുപത്രികളിലേക്ക് നിയോഗിച്ചിട്ടുണ്ട്. മംഗൾ പാണ്ഡേ വ്യക്തമാക്കി. 

എന്നാൽ അസുഖബാധ കഴിഞ്ഞ ജനുവരിയിൽത്തന്നെ തുടങ്ങിയിട്ടും കൃത്യമായ നടപടികളോ മുന്നറിയിപ്പോ ആരോഗ്യവകുപ്പ് നൽകാതിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. 

നാഡീവ്യൂഹത്തിനെയാണ് അക്യൂട്ട് എൻസിഫിലൈറ്റിസ് സിൻഡ്രോം ബാധിച്ചത്. കുഞ്ഞുങ്ങളെയും ചെറുപ്പക്കാരെയുമാണ് രോഗം കൂടുതൽ ബാധിക്കുന്നത്. കടുത്ത പനിയാണ് രോഗത്തിന്‍റെ ആദ്യലക്ഷണം. പിന്നീട് ബോധമില്ലാതെ പിച്ചും പേയും പറയും. വിറയൽ, സ്ഥലകാലബോധമില്ലായ്മ അങ്ങനെ അസുഖം കോമയിലേക്ക് നീങ്ങും. മഴക്കാലത്താണ് ഈ രോഗം സാധാരണ പടർന്നു പിടിക്കാൻ സാധ്യത. എന്നാലിത്തവണ വേനൽക്കാലത്താണ് ബിഹാറിൽ രോഗം പടർന്നിരിക്കുന്നത്. 

ജാപ്പനീസ് എൻസിഫലൈറ്റിസ് വൈറസ് (ജെഇവി) എന്ന വൈറസാണ് ഈ രോഗബാധയ്ക്ക് കാരണമാകുന്നത്. 1955-ൽ തമിഴ്‍നാട്ടിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇതേ തരം വൈറസാണിപ്പോൾ ബിഹാറിലും പടർന്നുപിടിച്ചിരിക്കുന്നത്. പ്രധാനമായും അസം, ബിഹാർ, ജാർഖണ്ഡ്, കർണാടക, മണിപ്പൂർ, മേഘാലയ, ത്രിപുര, തമിഴ്‍നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഈ വൈറസ് ബാധ കാണപ്പെടുന്നത്.