ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുളില്‍ 46 ശതമാനവും ഒമികോണ്‍ വകഭേദമാണ്. വിദേശയാത്ര പശ്ചാത്തലമില്ലാത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്നതോടെ സമൂഹവ്യാപന സാധ്യത സര്‍ക്കാര്‍ തള്ളുന്നില്ല.  

ദില്ലി: ഒമിക്രോണില്‍ ( Omicron ) സമൂഹവ്യാപന സാധ്യത തള്ളാതെ ദില്ലി സര്‍ക്കാര്‍ ( Delhi Government ). രാജ്യത്ത് ദില്ലിയിലാണ് ഏറ്റവുമധികം ഒമിക്രോണ്‍ ബാധിതരുള്ളത്. 263 പേരിലാണ് പുതിയ വകഭേദം ഇതുവരെ സ്ഥിരീകരിച്ചത്. ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 46 ശതമാനവും ഒമികോണ്‍ വകഭേദമാണ്. വിദേശയാത്ര പശ്ചാത്തലമില്ലാത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്നതോടെ സമൂഹവ്യാപന സാധ്യത സര്‍ക്കാര്‍ തള്ളുന്നില്ല. ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന ദില്ലിയിലെ കൊവിഡ് കണക്കില്‍ 89 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 496 കൊവിഡ് കേസില്‍ നിന്ന് ഒറ്റ ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് കണക്ക് 923 ലേക്ക് എത്തിയത്.

ദില്ലി കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഒമിക്രോണ്‍ രോഗികളുള്ളത്. 252 പേര്‍ക്ക് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചു. രാജ്യത്തെ രോഗബാധിതരുടെ കണക്കില്‍ കേരളം അഞ്ചാമതുണ്ട്. 65 പേര്‍ക്ക് കേരളത്തില്‍ രോഗബാധയുണ്ടായതായണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. ഒമിക്രോണ്‍ വ്യാപനം തീവ്രമാകുന്നതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണവും കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 13154 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ നഗരങ്ങളിലും കൊവിഡ് വ്യാപനം തീവ്രമാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

അതേസമയം കൊവിഡ് വകഭേദമായ ഒമിക്രോണിന് വാക്സീൻ പ്രതിരോധം മറികടക്കാൻ സാധിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. സാർസ് കൊവിഡ് കൺസോർഷ്യമായ ഇൻസകോഗിന്‍റെ പഠനങ്ങളിലാണ് ഇക്കാര്യമുള്ളത്. വരും നാളുകൾ കൊവിഡ് സുനാമിയുടേതാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘനകയും നൽകുന്നത്. കൊവിഡ് വൈറസിന്‍റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ മൂലം രോഗികളുടെ എണ്ണം കുതിച്ച് ഉയരുമെന്നും പുതിയ കൊവിഡ് വകഭേദങ്ങൾ പല രാജ്യങ്ങളുടേയും ആരോഗ്യ സംവിധാനം തകർത്തെറിയുമെന്നുമാണ് മുന്നറിയിപ്പ്. വാക്സീൻ എടുക്കാത്തവരിൽ രോഗം വലിയ ആഘാതമുണ്ടാക്കുമെന്നും ഡബ്യൂ എച്ച് ഓ മേധാവി ടെഡ്റോസ് അദാനോം പറഞ്ഞു. ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തുന്നവർ കൂടും. ഇത് നിലവിലെ ആരോഗ്യ സംവിധാനങ്ങളെ സമ്മർദത്തിലാകും. കൊവിഡ് മരണം കൂത്തനെ ഉയരും. ഒമിക്രോൺ വകഭേദം വാക്സീൻ എടുത്തവരെയും ഒരിയ്ക്കൽ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.