ബെംഗളുരു: കർണ്ണാടക ഒരു സ്വപ്നമായിരുന്നു! ഇന്ത്യയിലെ പ്രതിപക്ഷത്തിന്‍റെ സ്വപ്നം. 2018 മെയ് മാസത്തിൽ എച്ച് ഡി കുമാരസ്വാമി അധികാരത്തിൽ വന്നപ്പോൾ പ്രതിപക്ഷം ബെംഗളുരുവിൽ സംഘടിച്ചതും ആ സ്വപ്നത്തിന്‍റെ ബലത്തിലായിരുന്നു. എല്ലാ പ്രതിപക്ഷ നേതാക്കളും കൈ കോർത്ത് പിടിച്ചതും, സോണിയാ ഗാന്ധി സ്നേഹത്തോടെ, മായാവതിയെ ചേർത്തു പിടിച്ചതും അന്ന് രാജ്യം കണ്ടു. 

ആ കൂട്ടായ്മയുടെ ബലത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രതിപക്ഷം ഒരുങ്ങിയത്. ഉത്തർപ്രദേശിലടക്കം എല്ലാവരെയും ചേർത്തു നിർത്തി ഒരു സഖ്യം സാധ്യമായില്ലെങ്കിലും, പ്രതീക്ഷയുണ്ടായിരുന്നു കോൺഗ്രസിനും വിശാലപ്രതിപക്ഷത്തിലെ മറ്റ് പാർട്ടികൾക്കും. അതു കൊണ്ടാണല്ലോ, ഫലം വരുന്ന ദിവസം രാവിലെപ്പോലും എൻഡിഎക്ക് കേവലഭൂരിപക്ഷം നേടാനാകാതിരിക്കുകയോ തൂക്ക് സഭ വരികയോ ചെയ്താൽ പുതിയ മുന്നണി രൂപീകരിച്ച് രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷം ഒരുങ്ങി. അന്ന് അതിനൊരു പേരുമിട്ടു, 'സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ട്'.

Image result for kumaraswamy oath

: കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയുടെ ദിവസം പ്രതിപക്ഷ നേതാക്കൾ കൈകോർത്ത്

Image result for mayawati sonia

: സോണിയയും മായാവതിയും

നരേന്ദ്രമോദിയുടെ ഭരണം പ്രതിപക്ഷ കൂട്ടായ്മയിലൂടെ അവസാനിപ്പിക്കാം എന്ന സൂചന കർണാടകം നൽകി. എന്നാൽ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ആ സഖ്യത്തിന്‍റെ അരങ്ങേറ്റഭൂമിയിൽപ്പോലും പോലും ഭരണസഖ്യം തകർന്നടി‍ഞ്ഞു. എച്ച് ഡി ദേവഗൗഡയും തോറ്റു.

എന്താണ് സംഭവിച്ചത്?

മികച്ച ഭരണത്തിലൂടെ രാജ്യത്താകെ മാതൃകയാകാനുള്ള അവസരം കളഞ്ഞു കുളിക്കുകയായിരുന്നു ജെഡിഎസ് - കോൺഗ്രസ് സർക്കാരിലെ അംഗങ്ങൾ. സ്ഥിരം തമ്മിലടിയും രണ്ടു പാർട്ടികൾക്കുമിടയിലെ ഭിന്നതയും കുടുംബ ഭരണത്തിനോടുള്ള എതിർപ്പും ജനവികാരം എതിരാക്കി.

ഒപ്പം നിന്ന് തൽക്കാലം ഭരണം പിടിച്ചു എന്നല്ലാതെ, കീഴ്‍ത്തട്ടിൽ ഒരിക്കലും ഒന്നായിരുന്നില്ല ജെഡിഎസ്സും കോൺഗ്രസും. തെരഞ്ഞെടുപ്പ് കാലത്ത് പരസ്പരം എതിർത്തുപോന്ന പാർട്ടികളാണ് രണ്ടും. കേരളത്തിലെ എൽഡിഎഫും ചേർന്നതു പോലൊരു യുഡിഎഫും പോലൊരു സഖ്യം. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് സിദ്ധരാമയ്യയെ തോൽപിച്ചത് പിന്നീട് സഖ്യസർക്കാരിൽ മന്ത്രിയായ ജെഡിഎസ് നേതാവ് ജി ടി ദേവഗൗഡയായിരുന്നു. ഒടുക്കം സർക്കാരിപ്പോൾ താഴെപ്പോകുമെന്ന അവസ്ഥ വന്നപ്പോൾ മാത്രമാണ് ഇരുവരും തമ്മിൽ ഒന്നിച്ചിരിക്കാൻ പോലും തയ്യാറായത്! 

Related image

ഭിന്നതകൾ മറന്ന് ഇരു പാർട്ടികളും ഒന്നിച്ചിരുന്നെങ്കിലോ? ബിജെപിക്ക് വെല്ലുവിളിയാകും വിധം മികച്ച ഭരണം കാഴ്ച വച്ചിരുന്നെങ്കിലോ? അതൊരു 'ഉട്ടോപ്യൻ സ്വപ്നം' മാത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു. 'എണ്ണയും വെള്ളവും' പോലുള്ള സഖ്യമായിരുന്നു ഇത്. ഇതിലും കയ്ച്ചിട്ടും പല സഖ്യങ്ങളും മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപി ഒന്നിച്ചുകൊണ്ടുപോകുന്നുണ്ട്. പക്ഷേ, മികച്ച സംഘടനാ സംവിധാനവും ഫണ്ടുമുള്ള ബിജെപിയെപ്പോലെയാകില്ല, അധ്യക്ഷൻ പോലുമില്ലാത്ത കോൺഗ്രസെന്നും രാഷ്ട്രീയ നിരീക്ഷക‍ർ വിലയിരുത്തുന്നു.

ആസന്നമായ പതനം

കർണാടക സർക്കാരിന്‍റെ പതനം എപ്പോഴെന്ന ചോദ്യം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഉയർന്നിരുന്നു. ബിജെപിയുടെ രഹസ്യനീക്കം തിരിച്ചറിയാൻ കോൺഗ്രസ് വൈകി. സുപ്രീംകോടതിയെ വിമത എംഎൽഎമാർ ആദ്യം സമീപിക്കാനുള്ള സാധ്യതയും കോൺഗ്രസ് മുൻകൂട്ടി കണ്ടില്ല.

ബിജെപിയുടെ നീക്കം മുൻകൂട്ടി കാണാൻ കഴിയാതിരുന്ന നേതൃത്വത്തെ രാഹുൽ ഗാന്ധി ശകാരിച്ചതും അതുകൊണ്ടു തന്നെ. കർണാടകത്തിലെ സഖ്യസർക്കാരും തകരുമ്പോൾ തൽക്കാലം തെക്കേ ഇന്ത്യയിൽ കോൺഗ്രസ് ഭരണം പുതുച്ചേരിയിൽ മാത്രമായി ഒതുങ്ങുന്നു.

ഇത് 'യെദ്യൂരപ്പയുടെ പ്രതികാരം'!

പ്രധാനപ്പെട്ട ഒരു സംസ്ഥാനത്തെ ഭരണം ഏതു മാർഗ്ഗത്തിലൂടെയെങ്കിലും തിരിച്ചു പിടിച്ച് കഴിഞ്ഞ വർഷമേറ്റ മുറിവ് ഉണക്കാനാണ് ബിജെപി ശ്രമം. കളമറിഞ്ഞ് കളിക്കുകയായിരുന്നു ബിജെപി. കാത്തിരുന്ന് ഭിന്നതകൾ അതിന്‍റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ ഇറങ്ങിക്കളിച്ചു.

മഹാരാഷ്ട്രയിലും ഹരിയാനയിലും ദില്ലിയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടക ഭരണം നേടുന്നത് ബിജെപിക്ക് ആത്മവിശ്വാസം പകരും.

Image result for yeddyurappa

ബിജെപി സഹായമുണ്ടായെങ്കിലും കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളാണ് സർക്കാർ വീഴാൻ കാരണം. സിദ്ധരാമയ്യയെ വിശ്വസിച്ചതും എഐസിസിയുടെ വീഴ്ചയാണ്. ദേവഗൗഡയുടെ പാർട്ടി ഇനിയും പിളരാനുള്ള സാധ്യത തള്ളാനാവില്ല. മധ്യപ്രദേശിലും കോൺഗ്രസിന് ഇത് അപായ സൂചന നല്കുന്നു. ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ വരും ദിനങ്ങളിൽ കളം മാറിയേക്കും. ദേശീയതലത്തിൽ അദ്ധ്യക്ഷൻ പോലുമില്ലാതെ കോൺഗ്രസ് അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു കർണ്ണാടകത്തിലെ ഈ വീഴ്ച.