എസ്ഐആർ പട്ടികയിൽ നിന്ന് ഒഴിവായ വോട്ടർമാരെ തിരികെ ഉൾപ്പെടുത്താനുള്ള നടപടിക്ക് നിര്‍ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആർ പൂർത്തിയായ കേരളം അടക്കം സംസ്ഥാനങ്ങൾക്കാണ് നിര്‍ദേശം.

ദില്ലി: എസ്ഐആറിനിടെ നിരവധി വോട്ടർമാരെ ഒഴിവാക്കി എന്നുള്ള പരാതി പരിഹരിക്കാൻ തിരുത്തൽ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കം എസ്ഐആർ പൂർത്തിയാക്കിയ സംസ്ഥാനങ്ങളിൽ ഒഴിവായവരെ വീടുകളിൽ പോയി ഉൾപ്പെടുത്തുന്നതിനടക്കം പ്രത്യേക നടപടിക്ക് കമ്മീഷൻ നിർദേശം നൽകി. എസ്ഐആറിന് മുമ്പും ശേഷവുമുള്ള പട്ടിക താരതമ്യം ചെയ്ത് ഒഴിവായവരെ കണ്ടെത്താനുള്ള നിർദേശവും കമ്മീഷൻ ബിഎൽഒമാർക്ക് നൽകി.

മൂന്നാംഘട്ട എസ്ഐആർ നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്. ബീഹാറിൽ തുടങ്ങിയ എസ്ഐആർ ഇതിനകം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇരുപത് ഇടങ്ങളിലാണ് പൂർത്തിയാക്കിയത്. ഇതുവരെ 13 കോടി വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായി എന്നുള്ള ആരോപണം പ്രതിപക്ഷം ഉന്നയിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും തിരുത്തൽ നടപടിയുമായി എത്തുന്നത്. വീഡിയോ കോൺഫറൻസിംഗ് വഴി ഇന്നലെ വിളിച്ചു ചേർത്ത സിഇഒമാരുടെ യോഗത്തിലാണ് പുറത്തായ വോട്ടർമാരെ തിരിച്ചു ചേർക്കാനുള്ള നടപടികൾ ഉണ്ടാകണം എന്ന നിർദേശം നൽകിയത്. എസ്ഐആറിൽ നിന്ന് അർഹതയുള്ള വോട്ടർമാർ പുറത്തായിട്ടുണ്ടെങ്കിൽ എല്ലാവരെയും പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോം സിക്സ് വഴി തിരിച്ചെടുക്കാനാണ് നിർദേശം. കേരളത്തിൽ ഉൾപ്പെടെ ഇതിനുള്ള നടപടികൾ സ്വീകരിക്കും.

പശ്ചിമ ബംഗാളിൽ നിലവിൽ ലക്ഷക്കണക്കിന് വോട്ടർമാർ അപ്പീലുകൾ നൽകി കാത്തിരിക്കുകയാണ്. ഇവരെ തിരിച്ചു ചേർക്കുമോ എന്നുള്ള കാര്യം എന്നാൽ വ്യക്തമല്ല. പഴയ പട്ടികയും എസ്ഐറിനു ശേഷമുള്ള പട്ടികയും പരിശോധിച്ച് ഒഴിവായവരെ കണ്ടെത്തണം. ഇവരെ വീടുകളിൽ പോയി പട്ടികയിൽ തിരികെ ചേർക്കാനാണ് ബിഎൽഒമാർക്ക് നിർദേശം നൽകിയത്. ഗോവയിൽ 97 വോട്ടർമാരെ അർഹത ഉണ്ടായിട്ടും തിരിച്ചു ചേർക്കാത്തത് വിവാദമായിരുന്നു. ഇതിൽ 88 പേർക്ക് ഇതിനകം ഫോം സിക്സ് വിതരണം ചെയ്തു എന്നാണ് വിശദീകരണം. മൂന്ന് പേർ പോർച്ചുഗീസ് പൗരത്വം ഉള്ളവരാണെന്ന് കണ്ടെത്തി. വിദേശത്തുള്ള ബാക്കിയുള്ളവരെയും ബന്ധപ്പെടാനുള്ള നീക്കം സംസ്ഥാന ഉദ്യോഗസ്ഥർ നടത്തുകയാണ്. പുതുതായി വോട്ടർമാരെ ചേർക്കാനുള്ള ഫോം സിക്സിൽ എസ്ഐആർ സമയത്ത് മാതാപിതാക്കളുടെ അടക്കം വിവരങ്ങൾ ഉൾപ്പെടുത്താനുള്ള സത്യപ്രസ്താവന കൂടി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ഒഴിവാക്കിയുള്ള ഫോം സിക്സ് ആകും ഇനി വോട്ടർമാരെ ചേർക്കാൻ ഉപയോഗിക്കുക.

മേൽവിലാസം മാറ്റുന്നതിനുള്ള ഫോം 8 വഴി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ശ്രമിച്ച മഹാരാഷ്ട്രയിലെ ആറ് വോട്ടർമാരെ നീക്കിയതിൽ ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിലുള്ള ഭിന്നത പുറത്തുവന്നതിനുശേഷം നിരവധി തിരുത്തലുകളാണ് എസ്ഐആറിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ട് സമ്പൂർണ്ണ യോഗങ്ങൾ ഇതിനകം ഈയാഴ്ച ചേർന്നു കഴിഞ്ഞു. തിങ്കളാഴ്ച സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തിടുക്കത്തിലൂള്ള ഈ നീക്കങ്ങളെല്ലാം നടത്തുന്നത്.

YouTube video player