Asianet News MalayalamAsianet News Malayalam

Ukraine Crisis : രക്ഷാദൗത്യത്തിലെ ആദ്യ വിമാനം മുംബൈക്ക് തിരിച്ചു; 30 ല്‍ അധികം മലയാളികള്‍, 7 മണിക്കൂര്‍ യാത്ര

അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയിൽ എത്തും.  ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. 

The first flight of the rescue mission returned to Mumbai from Romania
Author
Bucharest, First Published Feb 26, 2022, 2:04 PM IST

ബുക്കാറെസ്റ്റ്: യുക്രൈനിൽ ( Ukraine ) നിന്ന് റൊമേനിയ ( Romania ) അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം  മുംബൈക്ക് ( Mumbai ) തിരിച്ചു. 219 ഇന്ത്യക്കാരുമായി റൊമേനിയയിൽ നിന്ന് തിരിച്ച വിമാനത്തില്‍ 30 ല്‍ അധികം മലയാളികളുണ്ട്. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയിൽ എത്തും. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ എത്തും. അതേസമയം പോളണ്ട് അതിർത്തിയിൽ എത്തിയ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിലാണ്. കീലോമീറ്ററുകളോളം നടന്ന് അതിർത്തിയിൽ എത്തിയിട്ടും കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് ഇവര്‍. ഇവരെ അതിർത്തികടത്താനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് എംബസി വ്യക്തമാക്കി. മൂൻകൂട്ടി അറിയിക്കാതെ അതിർത്തികളിൽ എത്തരുതെന്നും കിഴക്കൻ മേഖലകളിൽ അടക്കമുള്ളവർ അവിടെ തന്നെ തുടരാനും എംബസി അധികൃതർ അറിയിച്ചു. അതേസമയം രക്ഷാദൗത്യത്തിനായി രണ്ടാം വിമാനം റൊമേനിയയിലേക്ക് തിരിച്ചു. 

യുക്രൈനില്‍ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ദില്ലി , മുംബൈ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചതായും വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള  യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡന്‍റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. യുക്രൈനില്‍ നിന്ന് തിരിച്ചെത്തുന്നവരെ സൗജന്യമായി ദില്ലിയില്‍ നിന്ന് കേരളത്തില്‍ എത്തിക്കുമെന്ന് നോര്‍ക്ക നേരത്തെ അറിയിച്ചിരുന്നു. 

അതേസമയം യുക്രൈനിൽ നിന്ന് മടങ്ങുന്ന മലയാളികൾക്കായി കേരള ഹൗസിൽ താമസം , ഭക്ഷണം , യാത്രാ സൗകര്യങ്ങൾ എന്നിവ ഒരുക്കും. ദില്ലി വിമാനത്താവളത്തിൽ കേരള ഹൗസിന്‍റെ കേന്ദ്രം തുറക്കും. റൊമേനിയയിൽ നിന്ന് ദില്ലിയിലേക്ക് ഇന്ന് 17 മലയാളികൾ എത്തുമെന്നാണ് പ്രാഥമിക വിവരം. ദില്ലിയിലെത്തുന്ന മലയാളികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. റൊമാനിയ വഴി മുംബൈയിലെത്തുന്ന വിദ്യാർത്ഥികളുടെ ആർടിപിസിആർ പരിശോധന സൗജന്യമാക്കി. മുംബൈയിലെത്തുന്ന മലയാളികൾക്ക് മുംബൈ കേരളാ ഹൗസിൽ താമസം, ഭക്ഷണം , കേരളാ ഹൗസ് വരെയുള്ള യാത്രാ സൗകര്യങ്ങൾ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. നോർക്കയും ടൂറിസം വകുപ്പും ചേർന്നാണ് ഒരുക്കങ്ങൾ തയ്യാറാക്കിയത്.

Follow Us:
Download App:
  • android
  • ios