ചെന്നൈ: വി കെ ശശികലയുടെ ബിനാമി പേരിലുള്ള 1600 കോടി രൂപയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടു കെട്ടി. ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂർ എന്നിവിടങ്ങളിലായി മാൾ, പേപ്പർ മിൽ ഉൾപ്പടെ ഒൻപത് വസ്തു വകകളാണ് കണ്ടു കെട്ടിയത്. 2016 നവംബർ എട്ടിന് ശേഷം നിരോധിച്ച നോട്ടുകൾ ഉപയോഗിച്ചാണ് ബിനാമി പേരിൽ വസ്തുവകകൾ വാങ്ങിയത് എന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 2017 ൽ 37  ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി.

2017 നവംബറിൽ വി കെ ശശികലയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം രാജ്യവ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികലയുടെ കുടുംബാംഗങ്ങളുടെ വീട്, ജയാ ടിവി ഓഫീസ്, ചെന്നൈ സത്യം സിനിമാസ്, കൊച്ചിയിൽ ടിടിവി ദിനകരനുമായി ബന്ധമുള്ള സുകേഷ് ചന്ദ്രശേഖരന്റെ ഫ്ലാറ്റുകൾ എന്നിവയെല്ലാം പരിശോധനയുടെ പരിധിയിൽ വന്നിരുന്നു. മണ്ണാര്‍ഗുഡി കുടുംബത്തിന്‍റെ ജാസ് സിനിമാസ് ഉള്‍പ്പടെ 187 ഇടങ്ങളിലും ഓപ്പറേഷന്‍ ക്ലീന്‍ മണി എന്ന് പേരിട്ടിരുന്ന പരിശോധന നടന്നിരുന്നു. 

കൊച്ചിയിൽ നടന്ന പരിശോധനയിൽ കോടികളുടെ ആഢംബര കാറുകൾ ആണ് കണ്ടെത്തിയത്. രണ്ടില ചിഹ്നം കിട്ടാൻ ടിടിവി ദിനകരന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച ഇടനിലക്കാരൻ സുകേഷ് ചന്ദ്രശേഖന്‍റെ ഫ്ലാറ്റുകളിൽ നിന്നാണ് ആഢംബരവാഹനങ്ങൾ പിടിച്ചെടുത്തത്. നേരത്തെ വി കെ ശശികലയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ 1430 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തുക്കളും കണ്ടെത്തിയിരുന്നു.