സംഭവം വാഹനാപകടമാണെന്നും ഓട്ടോ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. അപസ്മാരത്തിനുള്ള മരുന്നും മദ്യവും ഓട്ടോ ഡ്രൈവർ കഴിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്

ദില്ലി: ഝാര്‍ഖണ്ഡിലെ ജഡ്ജി ഉത്തം ആനന്ദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ക്രിമിനൽ ​ഗൂഢാലോചന ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സംഭവം വാഹനാപകടമാണെന്നും ഓട്ടോ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. അപസ്മാരത്തിനുള്ള മരുന്നും മദ്യവും ഓട്ടോ ഡ്രൈവർ കഴിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്

ഝാര്‍ഖണ്ഡിലെ ധൻബാദിൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലായിരുന്നു പ്രത്യേക സംഘത്തിന്റെ അ‌ന്വേഷണം. 

ഹൈക്കോടതി അന്വേഷത്തില്‍ നിരീക്ഷണം നടത്തുമെന്നും കാലതാമസമുണ്ടായാല്‍ കേസ് സിബിഐക്ക് കൈമാറുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടർന്നാണ് അതിിവേ​ഗത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയത്. വാഹനം ഇടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാവുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു കോടതി ഇടപെടൽ. 

പ്രഭാത വ്യായാമത്തിന് ഇറങ്ങിയ ധൻബാദ് അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തം ആനന്ദിനെ ഒരു ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബോധപൂര്‍വ്വം ഇടിച്ചതാണെന്ന് സംശയിക്കാവുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തലക്ക് പരിക്കേറ്റ് റോഡരുകിൽ കിടന്ന ജഡ്ജിയെ വഴിപോക്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കുറിന് ശേഷം മരിച്ചു. 

രാജ്യത്ത് ഏറ്റവും അധികം കൽക്കരി ഖനികൾ ഉള്ള പ്രദേശമാണ് ഝാര്‍ഖണ്ഡിലെ ധൻബാദ്. കൽക്കരി മാഫിയകളുടെ സാമ്രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന ധൻബാദിലെ ഈ സംഭവം ഒരു അപകടമെന്ന് എഴുതിതള്ളാനാകില്ലെന്നായിരുന്നു വിലയിരുത്തൽ. ഗുണ്ടാസംഘങ്ങൾക്കെതിരെ അടുത്തകാലത്ത് ഒരു കേസിൽ ജഡ്ജി ഇറക്കിയ ഉത്തരവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന സംശയവും ഉയർന്നിരുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona