ജാമ്യത്തുകയ്ക്കു പുറമേ, ഖുർആന്റെ ഓരോ കോപ്പിവീതം നഗരത്തിലെ ഏതെങ്കിലും അഞ്ചു മുസ്‌ലിം സ്ഥാപനങ്ങൾക്ക് വിതരണം ചെയ്‍ത് അതിന്റെ രശീതിയും രണ്ടാഴ്‍ചയ്ക്കകം റിച്ച കോടതിയിൽ ഹാജരാക്കണം എന്നായിരുന്നു ജാമ്യവ്യവസ്ഥ
റാഞ്ചി: റിച്ചാ ഭാരതി എന്ന പത്തൊമ്പതുകാരി സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ഒരു പോസ്റ്റ് ഷെയർ ചെയ്‍തിരുന്നു. ഫൈസു എന്നയാളുടെ ഒരു ടിക്ടോക് വീഡിയോക്കുള്ള പ്രതികരണമായിട്ടായിരുന്നു ഇത്. ആൾക്കൂട്ടകൊലപാതകത്തിന്റെ ഇരയായ തബ്രേസ് അൻസാരിയുടെ മകൻ, നാളെ ഒരു തീവ്രവാദിയായാൽ കുറ്റം പറയാനാവില്ല എന്നായിരുന്നു ഫൈസുവിന്‍റെ ടിക് ടോക് വീഡിയോയിലെ വാദം.
എന്തുകൊണ്ടാണ് ഒരു ന്യൂനപക്ഷ സമുദായം മാത്രം ഭീകരവാദികളുടെ ലിസ്റ്റിൽ ഭൂരിപക്ഷമായി നിൽക്കുന്നത് എന്നായിരുന്നു റിച്ചയുടെ പോസ്റ്റിലെ പ്രധാന ചോദ്യം. അനീതിക്ക് എതിരാവുന്നവർ, അടുത്ത നടപടി എന്ന നിലയ്ക്ക് തീവ്രവാദത്തെ കാണാൻ തുടങ്ങുന്നത് അപകടമാണെന്നും, അങ്ങനെയാണെങ്കിൽ കശ്മീരിൽ നിന്നും തുരത്തപ്പെട്ട പണ്ഡിറ്റുകൾ അല്ലേ ആദ്യം തീവ്രവാദികളാവേണ്ടത് എന്നും റിച്ച പോസ്റ്റിൽ ചോദിച്ചിരുന്നു.
എന്നാല്‍ റിച്ചയുടെ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് റാഞ്ചിയിൽ തന്നെയുള്ള 'സദർ അൻജുമൻ കമ്മിറ്റി' എന്ന സംഘടന പൊലീസിന് പരാതി നല്‍കി. അതിനെത്തുടർന്ന്, ജൂലൈ 12-ന് റിച്ച അറസ്റ്റ് ചെയ്യപ്പെട്ടു.
കേസ് റാഞ്ചി കോടതിയുടെ പരിഗണനയ്ക്കു വന്നു. ഇരുഭാഗങ്ങളുടെയും വാദം കേട്ട ശേഷം, റിച്ചയ്ക്ക് റാഞ്ചി കോടതി ജാമ്യം അനുവദിച്ചു. 14,000 രൂപ ജാമ്യത്തുകയ്ക്കു പുറമേ, ഖുർആന്റെ ഓരോ കോപ്പിവീതം നഗരത്തിലെ ഏതെങ്കിലും അഞ്ചു മുസ്‌ലിം സ്ഥാപനങ്ങൾക്ക് വിതരണം ചെയ്‍ത് അതിന്റെ രശീതിയും രണ്ടാഴ്‍ചയ്ക്കകം റിച്ച കോടതിയിൽ ഹാജരാക്കണം എന്നായിരുന്നു ജാമ്യത്തിലെ വ്യവസ്ഥ.
അഞ്ചുകോപ്പികളിൽ ഒന്ന്, പോലീസിന്റെ സാന്നിധ്യത്തിൽ, പരാതിക്കാരായ അൻജുമൻ കമ്മിറ്റിയ്ക്ക് തന്നെ ആയിരിക്കണം നല്‍കേണ്ടത്. കമ്മിറ്റിയുടെ വക്താക്കൾ സ്വാഭാവികമായും വിധിയെ സ്വാഗതം ചെയ്‍തു. ഭരണഘടന വിഭാവനം ചെയുന്ന മതനിരപേക്ഷതയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുന്ന മാതൃകാവിധി എന്ന് അവരതിനെ വാഴ്ത്തി.

എന്നാൽ പ്രശ്നം അവിടെ അവസാനിക്കുന്നില്ല. കോടതി പറഞ്ഞതനുസരിച്ച് ഖുര്‍ ആന്‍ വിതരണം ചെയ്യാന്‍ റിച്ചാ ഭാരതി തയ്യാറല്ല. കോടതി വിധി തനിക്ക് ഭരണഘടന അനുവദിച്ചുതന്നിട്ടുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നവർ പറയുന്നു. " ഞാൻ ആകെ ചെയ്തത് മറ്റൊരാൾ പോസ്റ്റുചെയ്ത ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുക മാത്രമാണ്. ഞാൻ ചെയ്തതിൽ ശരികേടുണ്ടെങ്കിൽ അത് എഴുതിയ ആളുടെ കാര്യമോ..? അതുപോലെ അത് പങ്കുവെച്ച മറ്റുള്ള നൂറുകണക്കിന് പേരുടെ കാര്യമോ..? അവർക്കൊന്നും നൽകാത്ത ശിക്ഷ എനിക്കെന്തിനാ.? ഞാൻ ഈ അന്യായമായ വിധിയ്‌ക്കെതിരെ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാൻ പോവുകയാണ്. ഇന്ന് കോടതി ഖുർആൻ വിതരണം ചെയ്യാൻ പറഞ്ഞു. നാളെ എന്നോട് ഇസ്‌ലാം മതം സ്വീകരിക്കാൻ പറയില്ല എന്ന് എന്താണുറപ്പ്..? " റിച്ച മാധ്യമങ്ങളോട് ചോദിക്കുന്നു. പോസ്റ്റിനെ എതിർത്തുകൊണ്ടും അനുഭാവം പ്രകടിപ്പിച്ചുമൊക്കെയുള്ള മറ്റു പല പ്രതികരണങ്ങളും വരികയുണ്ടായി.
സംഭവം വിവാദമായതിനു ശേഷം റിച്ചയുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സഹായം നൽകണം എന്നാവശ്യപ്പെട്ടു കൊണ്ട് നിരവധിപേർ സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി, തന്റെ സുഹൃത്തും ജാർഖണ്ഡിലെ മന്ത്രിയുമായ സരയു റായിയോട് ഇതേപ്പറ്റി പറഞ്ഞിട്ടുണ്ട് എന്നും റിച്ചയ്ക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കും എന്നും അറിയിച്ചുകൊണ്ട് ഒരു ട്വീറ്റ് ചെയ്‍തു.
ജെഎൻയു പ്രൊഫസറും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥൻ ഈ വിഷയത്തിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് കുറിച്ച ട്വീറ്റിൽ ഈ വിധിയെ തികച്ചും വർഗീയപരം എന്ന് വിശേഷിപ്പിച്ചു. " തിരിച്ചായിരുന്നെങ്കിൽ, ഒരു മുസ്ലീമിനോട് ഭഗവദ് ഗീത വിതരണം ചെയ്യാനാണ് പറഞ്ഞിരുന്നതെങ്കിൽ, അത് സ്വീകാര്യമാകുമായിരുന്നോ..? " എന്ന് അദ്ദേഹം കുറിച്ചു. കോടതികൾക്ക് എങ്ങനെയാണ് ഇത്തരത്തിലുള്ള വിധികൾ പുറപ്പെടുവിക്കാനാവുന്നത് എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. അഡ്വ. ഇഷ്‌കരൺ സിങ്ങ് ഭണ്ടാരി റിച്ചയുടെ ധൈര്യത്തെ പ്രകീർത്തിച്ചുകൊണ്ട് അവരെ താരതമ്യപ്പെടുത്തിയത്, 1955-ൽ അമേരിക്കയിലെ മോണ്ട്ഗോമറിയിൽ വർണവെറിക്കെതിരെ പ്രതികരിച്ചുകൊണ്ട് ബസിലെ തന്റെ സീറ്റുവിട്ടുനൽക്കാൻ വിസമ്മതിച്ച, മനുഷ്യാവകാശങ്ങളുടെ പ്രഥമവനിത' എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോസാ പാർക്സ് എന്ന ആഫ്രോ അമേരിക്കൻ യുവതിയോടാണ്.
ഈ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് റാഞ്ചിയിലെ നിരവധി ഹിന്ദു സംഘടനകൾ ചേർന്ന് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയുണ്ടായി. ട്വിറ്ററിലൂടെ റിച്ചയുടെ നിയമപോരാട്ടത്തിനു വേണ്ടി ഫണ്ട് റൈസിംഗ് പോലും നടന്നു. രണ്ടുലക്ഷത്തിലധികം രൂപ ഇതിനോടകം അവർ സ്വരൂപിച്ചു കഴിഞ്ഞു.എന്തായാലും, സംഗതി ഹൈക്കോടതിയുടെ പരിഗണനയിൽ ആണ് തൽക്കാലം.
