Asianet News MalayalamAsianet News Malayalam

'മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള അബ്ദുൽ റഹ്‌മാൻ മക്കി ആഗോള ഭീകരന്‍'; പ്രഖ്യാപനവുമായി ഐക്യരാഷ്ട്രസഭ

ചൈന വഴങ്ങിയത് ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങളുടെ നിരന്തര ശ്രമത്തിനൊടുവില്‍. മക്കിയുടെ തലക്ക് അമേരിക്ക ഇട്ട വില 16 കോടി

The United Nations declared 'Abdul Rahman Makki, who was involved in the Mumbai terror attack, a global terrorist'
Author
First Published Jan 17, 2023, 12:26 PM IST

ന്യൂയോര്‍ക്ക്: ലഷ്കർ കൊടുംഭീകരൻ അബ്ദുൽ റഹ്‌മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ. മക്കിയെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ  ചൈന നിരന്തരം എതിർത്തിരുന്നു. ഇന്ത്യയുടെ ഭീകര വിരുദ്ധ പോരാട്ടത്തിലെ സുപ്രധാന നേട്ടമാണ് ഇപ്പോഴത്തെ യു എൻ തീരുമാനം. അബ്ദുൽ റഹ്‌മാൻ മക്കിക്ക് 68 വയസുണ്ട്. ഇപ്പോഴും പാക്കിസ്ഥാനിൽ സ്വൈര്യ വിഹാരം നടത്തുകയാണ് കൊടും ഭീകരനായ അബ്ദുൽ റഹ്‌മാൻ മക്കി. ലഷ്കറെ ത്വയ്യിബ, ജമാഅത്തുദ്ദവ ഭീകര സംഘങ്ങളുടെ തലപ്പത്തെ രണ്ടാമൻ. കശ്മീരിൽ നിരന്തരം നടക്കുന്ന ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളാണ് അബ്ദുൽ റഹ്‌മാൻ മക്കി.

ലഷ്കർ ഭീകരർക്ക് പണം എത്തിക്കുന്ന ആഗോള ശൃഖലയുടെ ചുമതലക്കാരനായ അബ്ദുൽ റഹ്‌മാൻ മക്കിക്ക് അമേരിക്ക തലയ്ക്ക് 16 കോടി വിലയിട്ടിരുന്നു. ഈ ഭീകരനെയാണ് ഇന്ന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയിദിന്റെ ഉറ്റ ബന്ധുവാണ് അബ്ദുൽ റഹ്‌മാൻ മക്കി. കാശ്മീരിൽ നിരന്തരം ഭീകരാക്രമണങ്ങൾ നടത്തിയതിന് മക്കിയുടെ മകൻ ഉവൈദിനെ 2017 ൽ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു.  

അബ്ദുൽ റഹ്‌മാൻ മക്കിയെ യുഎന്നിന്‍റ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യയും അമേരിക്കയും ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു. പോയ വർഷം ഈ നീക്കം ചൈന അവരുടെ വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. പാകിസ്ഥാൻ പൗരത്വമുള്ള ഭീകരരെ പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാടിനെതിരെ ഇന്ത്യ പരസ്യ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്തായാലും അന്താരാഷ്ട്ര സമ്മർദം ശക്തമായതോടെ ഇത്തവണ ചൈന വഴങ്ങുകയായിരുന്നു. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ ഇന്ത്യയുടെ ഭീകര വിരുദ്ധ ശ്രമങ്ങൾക്കുള്ള നിർണായക വിജയമാണ് ഐക്യരാഷ്ട്ര സഭയുടെ തീരുമാനം.

അതിനിടെ ഇന്ത്യയുമായി ചര്‍ച്ചക്ക് താത്പര്യം പ്രകടിപ്പിച്ച് പാകിസ്ഥാന്‍ രംഗത്തെത്തിയിട്ടുണ്ട്.യുദ്ധങ്ങളില്‍ നിന്ന് പാഠം പഠിച്ചെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ശെരീഫ് പറഞ്ഞു. ഇനി വേണ്ടത് സമാധാനത്തിന്‍റെ മാര്‍ഗമെന്നുമാണ് ഷെഹബാസ് ശെരീഫ് പറഞ്ഞു

Follow Us:
Download App:
  • android
  • ios