ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും കെജ്‍രിവാള്‍ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയുമായ  സത്യേന്ദര്‍ ജെയ്ന്‍റെ വീട്ടില്‍ മോഷണം. അദ്ദേഹത്തിന്‍റെ സരസ്വതി വിഹാറിലെ വസതിയിലാണ് മോഷണം നടന്നത്.

മോഷണം നടന്നതായി മന്ത്രി തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്. ദില്ലി പൊലീസിനെ ടാഗ് ചെയ്തുള്ള കുറിപ്പില്‍ സാമൂഹിക വിരുദ്ധര്‍ക്കും മോഷ്ടാക്കള്‍ക്കും ദില്ലി പൊലീസിനെ ഭയമില്ലെന്നും സത്യേന്ദര്‍ ജെയ്ന്‍ കുറിച്ചു. വീടിനുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലുള്ള ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടാക്കള്‍ മണിക്കൂറുകളോളം വീട്ടില്‍ പരിശോധന നടത്തിയതായും മന്ത്രി കുറിച്ചു.

കഴിഞ്ഞ ആറുമാസങ്ങളായി പൂട്ടിയിട്ടിരുന്ന വീടിന്‍റെ പ്രധാന കവാടം തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് മന്ത്രിയെ വിവരമറിയിച്ചത്. അടുക്കളയിലെയും ശുചിമറിയിലെയും ടാപ്പുകളും അലങ്കാര വസ്തുക്കളുമാണ് മോഷണം പോയത്. മന്ത്രിയുടെ പരാതിയില്‍ ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.