വിമാനത്തിൽ ഉണ്ടായിരുന്ന വ്യോമസേന ഉദ്യോഗസ്ഥരടക്കം പതിമൂന്നു പേരുടേയും കുടുംബങ്ങളുമായി വ്യോമസേന അധികൃതർ ആശയവിനിമയം നടത്തി വരികയാണ്

ഇറ്റാനഗര്‍: അരുണാചലിൽ കാണാതായ വ്യോമസേനാ വിമാനത്തിനായുള്ള തെരച്ചിൽ തുടരുന്നു. തെരച്ചിൽ ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും എ എൻ 32 വിമാനത്തെക്കുറിച്ച് യാതൊരു സൂചനയില്ല. കര- നാവിക സേനകളും ഇന്തോ ടിബറ്റൻ ബോർ‍‍‍ഡർ പോലീസും തെരച്ചലിൽ പങ്കെടുക്കുന്നുണ്ട്. തെരച്ചിലില്‍ സൈന്യത്തെ സഹായിക്കാന്‍ ഐഎസ്ആര്‍ഒയും ഇടപെടുന്നുണ്ട്. 

വിമാനത്തിൽ ഉണ്ടായിരുന്ന വ്യോമസേന ഉദ്യോഗസ്ഥരടക്കം പതിമൂന്നു പേരുടേയും കുടുംബങ്ങളുമായി വ്യോമസേന അധികൃതർ ആശയവിനിമയം നടത്തി വരികയാണ്. സോവിയറ്റ് കാലത്തെ വിമാനം കാലോചിതമായി പരിഷ്ക്കരിക്കുന്നതിൽ വ്യോമസേനയ്ക്ക് വീഴ്ച്ചയുണ്ടായെന്നും എമർജൻസി ലൊക്കേറ്റർ ബീക്കൺ പ്രവർത്തിക്കാത്തതിനാലാണ് വിമാനം കണ്ടെത്താൻ വൈകുന്നതെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.