ജെഎൻയു രാജ്യദ്രോഹികളുടെ കേന്ദ്രമാണെന്നും ലൈംഗിക അരാജത്വമാണ് അവിടെ നടക്കുന്നതെന്നും ബിജെപി, സംഘ്പരിവാര്‍ നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു.
ദില്ലി: ജെഎന്‍യുവിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും ജെഎന്‍യു വിദ്യാത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റുമായ കനയ്യകുമാര്‍. 'നിങ്ങള്‍ക്ക് വേണ്ടത്ര ഞങ്ങളെ അപമാനിച്ചോളൂ. ഞങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചോളൂ. പക്ഷേ ഇതൊന്നും നിങ്ങളുടെ കുട്ടികള്‍ക്ക് ജോലി കിട്ടാന്‍ മതിയാകില്ല. നിങ്ങളുടെ നിരാശയുടെ കാരണം ഞങ്ങള്‍ക്ക് മനസ്സിലാകും. ഇവിടെ പ്രവേശനം ലഭിക്കുക എന്നത് കുറച്ച് പ്രയാസമാണ്'.-കനയ്യ കുമാര്‍ പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരത്തിലാണ് കനയ്യ ജെഎന്‍യുവിനെ ആക്രമിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ചത്. രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ജെഎന്‍യുവിനെ അപമാനിക്കുകയല്ലെന്നും കനയ്യകുമാര്‍ പറഞ്ഞു.
മാലിന്യക്കുപ്പയില്‍ നിന്ന് 3000 കോണ്ടം കണ്ടെത്തിയ പൊലീസിന് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിനെ കണ്ടെത്താനായില്ല. നിങ്ങള്‍ ദിവസം 3000 കോണ്ടം, 2000 മദ്യക്കുപ്പികള്‍, 3000 ബിയര്‍ കുപ്പികള്‍, 10000 സിഗരറ്റ് കുറ്റികള്‍, 4000 ബീഡിക്കുറ്റികള്‍, 50000 എല്ലിന്‍ കഷ്ണങ്ങള്‍, 500 ഗര്‍ഭഛിദ്ര ഇഞ്ചക്ഷനുകള്‍ എന്നിവ നിങ്ങള്‍ ജെഎന്‍യുവില്‍ നിന്ന് കണ്ടെത്തി. എന്നാല്‍, രണ്ട് വര്‍ഷം മുമ്പ് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് എവിടെയാണെന്ന് കണ്ടെത്തിയില്ല. കേസ് ഇപ്പോള്‍ സിബിഐ അവസാനിപ്പിച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ മന്ദിരങ്ങളില്‍ താമസിക്കുകയും സര്‍ക്കാര്‍ കാറില്‍ യാത്ര ചെയ്യുകയും സര്‍ക്കാര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുകയും നിങ്ങള്‍ക്ക് ജെഎന്‍യുവിനെപ്പോലൊരു സര്‍ക്കാര്‍ സ്ഥാപനത്തെ വേണ്ട. നിങ്ങള്‍ക്ക് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ മതി. നിങ്ങളൊരു ദേശീയ സര്‍ക്കാറാണെങ്കില്‍ ജെഎന്‍യുവിനെ പോലുള്ള സ്ഥാപനങ്ങള്‍ നടത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും കനയ്യ വ്യക്തമാക്കി. ജെഎൻയു രാജ്യദ്രോഹികളുടെ കേന്ദ്രമാണെന്നും ലൈംഗിക അരാജത്വമാണ് അവിടെ നടക്കുന്നതെന്നും ബിജെപി, സംഘ്പരിവാര്‍ നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു.
