ദില്ലി: സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആദരിക്കുന്ന ബിജെപിയെ കളിയാക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കളെ പരിഹസിച്ചാണ് എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് സ്വന്തമായി സ്വാതന്ത്ര്യ സമര പോരാളിയില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവായിരുന്ന വല്ലഭായ് പട്ടേലിനെ ആദരിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്നും പ്രിയങ്ക പറഞ്ഞു.

അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ അടുത്ത സുഹൃത്തായ പട്ടേല്‍ ആര്‍എസ്എസ് വിരുദ്ധനുമായിരുന്നുവെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. പട്ടേലും നെഹ്‌റുവും ഒരുമിച്ചുള്ള ഫോട്ടോയും പങ്കുവച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആവശ്യത്തിന് ഉപയോഗിക്കാനും ആദരിക്കാനും ബിജെപി തയ്യാറാകുന്നതില്‍ സന്തോഷമുണ്ടാക്കുന്നുണ്ട്.

അവര്‍ക്ക് സ്വന്തമായി അവകാശപ്പെടാന്‍ ഒരു സ്വാതന്ത്ര്യ സമര പോരാളിയില്ലാത്തതിനാലാണ് പട്ടേലിനെ ആദരിക്കുന്നത്. പട്ടേലിനെ ആദരിക്കാന്‍ അദ്ദേഹത്തിന്‍റെ ശത്രുക്കള്‍ നിര്‍ബന്ധിതരാകുന്നതില്‍ സന്തോഷമുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.