സരൺ: പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബിഹാറിൽ മൂന്ന് പേരെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ വിശദീകരണവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഓണ്‍ലൈന്‍ മാധ്യമം ദ പ്രിന്‍റിനോടാണ് നിതീഷ് കുമാര്‍ പ്രതികരിച്ചത്. സരൺ ജില്ലയിലെ ബനിയാപൂരിൽ വെള്ളിയാഴ്ച രാവിലെ നടന്ന സംഭവം ഒരു ആള്‍ക്കൂട്ട കൊലപാതകമായി കാണുവാന്‍ സാധിക്കില്ലെന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. 

വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ആളുകളെ മര്‍ദ്ദിച്ചവര്‍ ഒരു ആദിവാസി ഗോത്രത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ദളിതുകളാണ് നിതീഷ് പറയുന്നു. പശുക്കളെ മോഷ്ടിച്ചത് കൈയ്യോടെ പിടിക്കപ്പെട്ടപ്പോഴാണ് ഇവരെ ഗ്രാമീണര്‍ അടിച്ചത്. ഇത് മരണത്തിലേക്ക് നയിച്ചു. ഇത് ഒരു പ്രദേശിക പ്രശ്നം മാത്രമാണ് ബിഹാര്‍ മുഖ്യമന്ത്രി പറയുന്നു.

പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബിഹാറിൽ മൂന്ന് പേരെ ആൾക്കൂട്ടം തല്ലിക്കൊന്നത്. സരൺ ജില്ലയിലെ ബനിയാപൂരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പശുവിനെ മോഷ്ടിക്കാനാണ് മൂന്നംഗ സംഘം എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഇവരെ ആൾക്കൂട്ടം തടഞ്ഞുവയ്ക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. പൊലീസ് എത്തി മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.