ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എംപി പര്‍വേഷ് സാഹിബ് സിംഗ് വെര്‍മ. അവര്‍(ഷെഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍) നിങ്ങളുടെ വീടുകളില്‍ കയറി  പെണ്‍മക്കളെയും സഹോദരികളെയും ബലാത്സംഗം ചെയ്യുമെന്ന് വെര്‍മ പറഞ്ഞു. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി എംപിയുടെ വിവാദ പരാമര്‍ശം.

ഇത് സാധാരണ തെരഞ്ഞെടുപ്പല്ല. രാജ്യത്തിന്‍റെ ഐക്യത്തെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്. ബിജെപി ദില്ലിയില്‍ അധികാരത്തിലെത്തിയാല്‍ ഒരുമണിക്കൂറിനുള്ളില്‍ ഒറ്റ പ്രക്ഷോഭകര്‍ പോലും ഷഹീന്‍ബാഗില്‍ ഉണ്ടാകില്ല. ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഒറ്റ പള്ളിപോലും നിര്‍മിക്കാന്‍ അനുവദിക്കില്ല-എംപി പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഷഹീന്‍ബാഗില്‍ കൂടിയിരിക്കുന്നത്. അവര്‍ നിങ്ങളുടെ വീടുകളില്‍ കയറി നിങ്ങളുടെ പെൺമക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്ത് കൊല്ലും. നാളെ  നിങ്ങളെ രക്ഷിക്കാന്‍ മോദിജിയും അമിത് ഷായും വരണമെന്നില്ലെന്നും എംപി പറ‌ഞ്ഞു.

വെസ്റ്റ് ദില്ലി എംപിയാണ് വെര്‍മ. വികാസ്പുരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് എംപിയുടെ വിവാദ പരാമര്‍ശം. കഴിഞ്ഞ ഒരുമാസത്തിലേറെയായി ദില്ലിയിലെ ഷെഹീന്‍ബാഗില്‍ സിഎഎക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ദില്ലിയിലെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർക്കെതിരെ ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹയും രംഗത്തെത്തി.

പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും ബം​ഗ്ലാദേശികളും പാകിസ്ഥാനികളുമാണെന്ന് രാഹുൽ സിൻഹ പറഞ്ഞു. "ഷഹീൻ ബാഗിലും കൊൽക്കത്തയിലുമെല്ലാം പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള കുടിയേറ്റക്കാരാണ്. കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ചുകൊണ്ടാണ് അവർ പ്രതിഷേധിക്കുന്നത്. ഇന്ത്യയെ ഭിന്നിപ്പിച്ച് അസമിനെ തകർക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ പുറത്തുവന്ന വീഡിയോയിൽ നിന്ന് വ്യക്തമാണ്. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ ഇവിടുത്തെ ജനങ്ങൾക്ക് ആഗ്രഹമുണ്ടോ?"-രാഹുൽ സിൻഹ വാർത്താ ഏജൻസിയായ എൻഎൻഐയോട് പറഞ്ഞു.