കൊൽക്കത്ത: പണം മോഷ്ടിക്കുന്ന കള്ളൻമാരുടെയൊക്കെ കാലം കഴിഞ്ഞെന്ന് വേണം കരുതാൻ. അവശ്യ സാധനങ്ങളുടെ ലഭ്യതയനുസരിച്ചാണ് കള്ളൻമാർ ഇപ്പോൾ മോഷണം പ്ലാൻ ചെയ്യുന്നത്. വളരെ വ്യത്യസ്തമായ ഒരു മോഷണമാണ് കഴിഞ്ഞ ദിവസം നടന്നത്. ചൊവ്വാഴ്ച രാവിലെ കട തുറന്ന അക്ഷയ്ദാസ് എന്ന വ്യാപാരി കണ്ടത് കട കുത്തിത്തുറന്നിരിക്കുന്നതാണ്. അക്ഷയ് ആദ്യം നോക്കിയത് പണം സൂക്ഷിച്ചിരുന്ന പെട്ടിയാണ്. തുറന്ന് നോക്കിയപ്പോൾ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല. ഉള്ളി വച്ചിരുന്ന സ്ഥലത്ത് നോക്കിയപ്പോഴാണ് എന്ത് മോഷ്ടിക്കാനാണ് കയറിയതെന്ന് അക്ഷയ്ദാസിന് മനസ്സിലായത്. ഉള്ളി വച്ചിരുന്ന സ്ഥലം ശൂന്യം. കൊൽക്കത്തയിലെ  മിഡ്നാപ്പൂർ ജില്ലയിലെ സുതാഹത എന്ന പ്രദേശത്താണ്  സംഭവം. 

ഏകദേശം അമ്പതിനായിരം രൂപയുടെ ഉള്ളിയാണ് അക്ഷയ്ദാസിന്റെ കടയിൽ നിന്ന് മോഷണം പോയത്. ചാക്കു കണക്കിന് ഉള്ളിയാണ് മോഷ്ടാവ് ചുമന്ന് മാറ്റിയത്. കൂട്ടത്തിൽ കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും കൊണ്ടുപോയിട്ടുണ്ട്. പണപ്പെട്ടിയിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അക്ഷയ്ദാസ് ആവർത്തിക്കുന്നു. ഉള്ളിവില റോക്കറ്റിന്റെ വേ​ഗതയിലാണ് കുതിച്ചുയരുന്നത്. ഒരു കിലോ ഉള്ളിക്ക് നൂറ് രൂപയാണ് ഇപ്പോൾ മാർക്കറ്റിൽ.