Asianet News MalayalamAsianet News Malayalam

'ചിന്തിക്കണം, എന്നിട്ട് സംസാരിക്കൂ', പെരിയാറിനെ വിമർശിച്ച രജനീകാന്തിനെതിരെ സ്റ്റാലിൻ

'എന്‍റെ സുഹൃത്തായ രജനീകാന്ത് ഒരു രാഷ്ട്രീയക്കാരനല്ല, നടൻ മാത്രമാണ്. സംസാരിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ, എന്നിട്ട് മതി വിമർശനം', എന്ന് സ്റ്റാലിൻ.

think and speak stalin lashes out against rajinikanth on periyar controversy
Author
Chennai, First Published Jan 21, 2020, 8:13 PM IST

ചെന്നൈ: തമിഴ്‍ നവോത്ഥാന നായകനും നിരീശ്വരപ്രസ്ഥാനത്തിന്‍റെ അമരക്കാരനും ദ്രാവിഡമുന്നേറ്റത്തിന്‍റെ സ്ഥാപകനുമായ പെരിയാർ ഇ വി രാമസ്വാമിക്കെതിരായ നടൻ രജനീകാന്തിന്‍റെ വിമർശനങ്ങൾ തമിഴ്‍നാട്ടിൽ വൻ രാഷ്ട്രീയ വിവാദമാകുന്നു. പെരിയാറിനെ വിമർശിച്ചുകൊണ്ടുള്ള പ്രസ്താവന പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് രജനീകാന്ത് പറഞ്ഞതോടെ, നടൻ മാപ്പ് പറയണമെന്ന ആവശ്യവുമായി എല്ലാ മുഖ്യധാരാ പ്രതിപക്ഷപാർട്ടികളും രംഗത്തെത്തി. 'തമിഴ് ഇന'ത്തിനായി ജീവിച്ചുമരിച്ച പെരിയാറിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തമിഴകത്തെത്തന്നെ ഇളക്കിമറിക്കുന്നതാണ്. അതേസമയം, രജനീകാന്തിനെ പിന്തുണയ്ക്കുകയാണ് ബിജെപി. രജനീകാന്തിന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പ്രതികരിച്ചു. 

അതേസമയം, രജനീകാന്തിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ രംഗത്തെത്തി. ''എന്‍റെ സുഹൃത്തായ രജനീകാന്ത് രാഷ്ട്രീയക്കാരനല്ല, നടൻ മാത്രമാണ്. പെരിയാറിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ ഒന്ന് ചിന്തിക്കണം. എന്നിട്ട് വേണം വിമർശനം. ഇതെന്‍റെ അപേക്ഷയാണ്'', സ്റ്റാലിൻ പറഞ്ഞു. ''95 വർഷം പെരിയാർ ജീവിച്ചത് തമിഴ് 'ഇന'ത്തിന് വേണ്ടിയാണ്''. 

രാഷ്ട്രീയ വിമർശകനും, ആർഎസ്എസ് - സംഘപരിവാർ അനുഭാവിയുമായിരുന്ന ചോ രാമസ്വാമി എഡിറ്ററായിരുന്ന 'തുഗ്ലക്ക്' മാസികയുടെ വാർഷികപരിപാടികൾക്ക് എല്ലാ വർഷവും രജനീകാന്ത് പങ്കെടുക്കാറുള്ളതാണ്. ഇത്തവണ 'തുഗ്ലക്കി'ന്‍റെ അമ്പതാം വാർഷികാഘോഷമായിരുന്നു. ചെന്നൈയിൽ ജനുവരി 14-ന് നടന്ന ഈ ചടങ്ങിലാണ് രജനീകാന്ത് ചോ രാമസ്വാമിയെ പുകഴ്ത്തുന്നതിനൊപ്പം, പെരിയാറിനെതിരെ വിമർശനമുന്നയിച്ചത്. 

''പെരിയാറിനെതിരെ ആരും ധൈര്യപ്പെടാതിരുന്ന കാലത്ത് പോലും വിമർശനമുന്നയിക്കാൻ ധൈര്യപ്പെട്ടയാളാണ് ചോ. അതിന് അദ്ദേഹത്തെ അഭിനന്ദിച്ചേ മതിയാകൂ'', രജനീകാന്ത് പറഞ്ഞു. 

''1971-ൽ സേലത്ത് അന്ധവിശ്വാസങ്ങൾക്ക് എതിരെ പെരിയാർ ഒരു റാലി നടത്തി. അതിൽ രാമന്‍റെയും സീതയുടെയും നഗ്നചിത്രങ്ങളിൽ ചെരുപ്പുമാല ചാർത്തിയുള്ള ചിത്രങ്ങളുമുണ്ടായിരുന്നു. അത്തരമൊരു വാർത്ത അന്ന് ഒരു വാർത്താമാധ്യമവും പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. എന്നാൽ ചോ അതിനെ വിമർശിച്ച് മാസികയിലെഴുതി. 

ഇത് കരുണാനിധി നേതൃത്വം നൽകിയ ഡിഎംകെ സർക്കാരിനെ അരിശം കൊള്ളിച്ചു. അധികാരികൾ ആ മാസികയുടെ എല്ലാ പതിപ്പുകളും കണ്ടുകെട്ടി. ചോ അന്നത് വീണ്ടും പ്രിന്‍റ് ചെയ്തിറക്കി. ചൂടപ്പം പോലെ എല്ലാ കോപ്പികളും വിറ്റുപോവുകയും ചെയ്തു'', രജനീകാന്ത് പറഞ്ഞു.

പ്രസ്താവന തമിഴ്‍നാട്ടിലിന്ന് വലിയ രാഷ്ട്രീയവിവാദമാണ്. ദ്രാവിഡർ വിടുതലൈ കഴകം എന്ന, പെരിയാർ രൂപം നൽകിയ പാർട്ടി ഇപ്പോഴും നിലവിലുണ്ട്. രജനീകാന്ത് തുറന്ന വേദിയിൽ മാപ്പ് പറയണമെന്നാണ് ദ്രാവിഡർ കഴകം ആവശ്യപ്പെട്ടത്. രജനീകാന്ത് ഇത് തള്ളിക്കളയുന്നു.

''പെരിയാറിനെക്കുറിച്ച് പറഞ്ഞതിൽ നിന്ന് പിന്നോട്ടില്ല. ഞാൻ വായിച്ച വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിച്ചത്. ഇത് മറന്നു കളയേണ്ട സംഭവമായിരിക്കാം, പക്ഷേ നിഷേധിക്കേണ്ടതല്ല'', എന്ന് രജനീകാന്ത്.

ഇതിൽ പ്രതിഷേധിച്ച് ഡിവികെ രജനീകാന്തിനെതിരെ രണ്ട് കേസുകളും നൽകിയിട്ടുണ്ട്. ഒന്ന് വിദ്വേഷപ്രസ്താവനയ്ക്കും, രണ്ട്, മതവികാരം ഇളക്കിവിട്ടതിനും. 

Follow Us:
Download App:
  • android
  • ios