അലാദിന്റെ അത്ഭുതവിളക്കിലെ ജിന്നിനോട്‌ ആവശ്യപ്പെടാനുള്ള മൂന്ന്‌ കാര്യങ്ങളെക്കുറിച്ച്‌ പറയാമോ എന്ന്‌ അക്ഷയ്‌കുമാര്‍ ചോദിച്ചപ്പോഴാണ്‌ തനിക്ക്‌ ചോദിക്കാനുളള ഒരേയൊരു കാര്യത്തെപ്പറ്റി മോദി വാചാലനായത്‌. 

ദില്ലി: അമ്മ നല്‍കിയ ഷാളിനെക്കുറിച്ചും ഉറക്കത്തെപ്പറ്റി ചോദിക്കുന്ന ബരാക്‌ ഒബാമയെക്കുറിച്ചും മമതാ ദീദി നല്‍കാറുള്ള സമ്മാനങ്ങളെക്കുറിച്ചും മാത്രമല്ല അറബിക്കഥയിലെ ജിന്നിനോട്‌ ചോദിക്കാന്‍ താന്‍ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്ന ആഗ്രഹത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌ നടന്ന അഭിമുഖത്തില്‍ സൂചിപ്പിച്ചു. അലാദിന്റെ അത്ഭുതവിളക്കിലെ ജിന്നിനോട്‌ ആവശ്യപ്പെടാനുള്ള മൂന്ന്‌ കാര്യങ്ങളെക്കുറിച്ച്‌ പറയാമോ എന്ന്‌ അക്ഷയ്‌കുമാര്‍ ചോദിച്ചപ്പോഴാണ്‌ തനിക്ക്‌ ചോദിക്കാനുളള ഒരേയൊരു കാര്യത്തെപ്പറ്റി മോദി വാചാലനായത്‌.

ജിന്നിനോട്‌ ചോദ്യം ചോദിക്കാനായാല്‍ അലാദീന്റെ അത്ഭുതവിളക്കെന്ന ആശയം തന്നെ പല അധ്യാപകരുടെയും രക്ഷിതാക്കളുടെയും മനസ്സില്‍ നിന്ന്‌ എന്നേന്നേയ്‌ക്കുമായി മായ്‌ച്ച്‌ കളയാനാണ്‌ താന്‍ ആവശ്യപ്പെടുക എന്നാണ്‌ മോദി പറഞ്ഞത്‌. കുട്ടികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയേ ചെയ്യരുതാത്ത ഒന്നാണ്‌ അലാദിന്റെ അത്ഭുതവിളക്കിന്റെ കഥ എന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌. ആ കഥയെ പുകഴ്‌ത്തുന്നവരുടെയെല്ലാം മനസ്സില്‍ നിന്ന്‌ അത്‌ തുടച്ചുമാറ്റണമെന്നാണ്‌ മോദി പറഞ്ഞത്‌.

സംസാരത്തിനിടെ ഒരു തവണ അലാദീനെ അലാവുദ്ദീന്‍ എന്ന്‌ തെറ്റി സംബോധന ചെയ്യുകയും ചെയ്‌തു പ്രധാനമന്ത്രി. അറബിക്കഥയിലെ അലാദീന്റെയും അത്ഭുതവിളക്കിന്റെയും കഥ ആളുകളെ മടിയന്മാരും ഭീരുക്കളുമാക്കുമെന്ന്‌ പറഞ്ഞ്‌ അക്ഷയ്‌കുമാറും മോദിയുടെ അഭിപ്രായത്തോട്‌ യോജിച്ചു. ജീവിതത്തില്‍ സ്വപ്രയത്‌നം കൊണ്ട്‌ ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്ന ആശയത്തില്‍ നിന്ന്‌ ആളുകളെ പിന്തിരിപ്പിക്കുന്നതാണ്‌ ഇത്തരം കഥകള്‍ എന്നാണ്‌ അക്ഷയ്‌കുമാര്‍ പ്രതികരിച്ചത്‌.