ഫേസ്ബുക്ക്, ട്വിറ്റര്‍, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ ഉപേക്ഷിക്കാൻ ആലോചന. ഇതുസംബന്ധിച്ച് ഞായറാഴ്ച തീരുമാനമെടുക്കുമെന്നും മോദി ട്വീറ്റില്‍ പറഞ്ഞു.

ദില്ലി: സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഇത് സംബന്ധിച്ച സൂചന നൽകിയത്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നീ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഈ ഞായറാഴ്ച്ച ഒഴിവാക്കാൻ ഉദ്ദേശിക്കുന്നതായും ഇത് വരെയുള്ള പോസ്റ്റുകളും ഫോളോവേഴ്സിനെയും നിലനിർത്തുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് മോദി. 53.3 മില്ല്യൺ ഫോളോവേഴ്സാണ് പ്രധാനമന്ത്രിക്ക് ട്വിറ്ററിലുള്ളത്. 'നരേന്ദ്രമോദി. ഇൻ' എന്ന പേരിൽ മറ്റൊരു ട്വിറ്റർ അക്കൗണ്ടും അദ്ദേഹത്തിനുണ്ട്. നാല് കോടി നാൽപത്തിയേഴ് ലക്ഷത്തിലധികം പേർ ഫേസ്ബുക്കിലും പ്രധാനമന്ത്രിയെ ഫോളോ ചെയ്യുന്നുണ്ട്. 

Scroll to load tweet…

35.2 മില്ല്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമില്‍ മോദിക്കുള്ളത്. പ്രധാന കൂടിക്കാഴ്ചകൾക്ക് ശേഷം നരേന്ദ്ര മോദി ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഏറ്റവും ഒടുവില്‍, അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനൊപ്പമുള്ള ചിത്രങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തിരുന്നു.

View post on Instagram

പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് പകരം വിദ്വേഷം ഉപേക്ഷിക്കൂ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. മറ്റുള്ളവരെ അപമാനിക്കുന്ന ട്രോൾ സൈന്യത്തിനാണ് ഈ ഉപദേശം നല്കേണ്ടതെന്ന് രൺദീപ് സിംഗ് സുർജെവാലയും പറഞ്ഞു. ആദ്യ ഒന്നര മണിക്കൂറിൽ തന്നെ മോദിയുടെ ഈ ട്വീറ്റിന് എൺപതിനായിരം ലൈക്കാണ് കിട്ടിയത്. ഇൻസ്റ്റാഗ്രാമിൽ അഞ്ചു ലക്ഷത്തി എഴുപതും. എന്തായാലും ഗുജറാത്ത് മുഖ്യമന്ത്രിയായതു മുതൽ മാധ്യമങ്ങളുമായുള്ള അകൽച്ച പരിഹരിക്കാൻ മോദി ഉപയോഗിച്ചിരുന്നു ഈ മാധ്യമങ്ങൾക്ക് പകരമെന്തെന്ന് അറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കാം.