ബെംഗളൂരു: ബെംഗളൂരുവില്‍ നിരീക്ഷണത്തില്‍ പോകാന്‍ വിസമ്മതിച്ച ദില്ലിയില്‍ നിന്ന് വന്ന സംഘത്തെ തിരിച്ചയച്ചു. പ്രത്യേക ട്രെയിനിൽ ഇന്ന് ബെംഗളൂരുവിൽ എത്തിയ 45 പേരില്‍  19 പേരെയാണ് തിരിച്ചയച്ചത്. രാത്രി 8. 30ന് ദില്ലിയിലേക്കുള്ള ട്രെയിനിൽ പ്രത്യേക ബോഗി ഘടിപ്പിച്ചായിരുന്നു മടക്കം. സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയാൻ തയ്യാറല്ലെന്ന് യാത്രക്കാര്‍ വ്യക്തമാക്കിയതോടെയാണ് ഇവരെ തിരിച്ചയച്ചത്. നിരീക്ഷണത്തിൽ കഴിയാൻ തയ്യാറല്ലാത്തവർ സംസ്ഥാനത്തേക്ക് വരേണ്ടെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

ദില്ലിയിൽ നിന്ന് പ്രത്യേക ട്രെയിനിൽ ബം​ഗളൂരുവിൽ വന്നിറങ്ങിയ യാത്രക്കാര്‍ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ പോകില്ലെന്ന് വ്യക്തമാക്കി പ്രതിഷേധിച്ചിരുന്നു. നിരീക്ഷണകേന്ദ്രത്തിലേക്ക് മാറണമെന്ന് സർക്കാർ മുൻകൂട്ടി അറിയിച്ചില്ലെന്നായിരുന്നു ഇവരുടെ വാദം. മറ്റിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്കെത്തുന്ന മുഴുവൻ ആളുകളും സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് അധികൃതരുടെ നിലപാട്.