ദില്ലി സിംഗും അതിര്‍ത്തിയില്‍ സമരം ചെയ്യുന് കര്‍ഷകര്‍ പിസ കഴിച്ചതിനെതിരെ നടക്കുന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഭക്ഷണം ഒരുക്കിയവര്‍. പിസ ഉണ്ടാക്കാനുള്ള മാവിനുള്ള  വിളവ് ഉണ്ടാക്കുന്ന കര്‍ഷകര്‍ക്ക് പിസ കഴിക്കാനും അര്‍ഹതയുണ്ടെന്നാണ് വിശദീകരണം. കര്‍ഷക സമര വേദിയില്‍ ജിം, പ്രായമായവര്‍ക്ക് കാലുകള്‍ മസാജ് ചെയ്യാനുള്ള സംവിധാനവും സമൃദ്ധമായ ഭക്ഷണവും ആസ്വദിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിന്തുണയേക്കാളും വിമര്‍ശനമാണ് ഉയര്‍ന്ന് കേട്ടത്. ഇതോടെയാണ് പിസ കഴിക്കേണ്ടി വന്ന സാഹചര്യത്തേക്കുറിച്ച് ഭക്ഷണമൊരുക്കിയവര്‍ പ്രതികരിച്ചത്.

ഷാന്‍ബീര്‍ സിംഗ് സന്ധു എന്നയാളുടെ നേതൃത്വത്തിലായിരുന്നു പിസ വിതരണം നടന്നത്. അമൃത്സര്‍ സ്വദേശികളായ അഞ്ച് സുഹൃത്തുക്കളായിരുന്നു പിസ ലാംഗര്‍ ഒരുക്കിയത്. സാധാരണ രീതിയിലുള്ള ഭക്ഷണം തയ്യാറാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവര്‍ ഹരിയാനയിലെ ഒരു മാളില്‍ നിന്ന് നാനൂറ് പിസ വാങ്ങി വിതരണം ചെയ്യുകയായിരുന്നു. കര്‍ഷകനും ഗുരുനാനാക് സര്‍വ്വകലാശാലയിലെ ഇക്കണോമിക്സ് വിദ്യാര്‍ഥി കൂടിയാണ് 21കാരനായ ഷാന്‍ബീര്‍ സിംഗ് സന്ധു. സമരം ചെയ്ത് ക്ഷീണിച്ച കര്‍ഷകര്‍ക്ക് പുതിയൊരു എനര്‍ജി കൂടി ലഭിക്കട്ടെ എന്ന ഉദ്ദേശവും പിസാ വിതരണത്തിലുണ്ടായിരുന്നുവെന്നാണ് ഷാന്‍ബീര്‍ സിംഗ് സന്ധുവിന്‍റെ സുഹൃത്തുക്കളും പ്രതികരിക്കുന്നത്.

രണ്ടാഴ്ചയോളമായി ദില്ലിയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ സമരം ചെയ്യുകയാണ്. കര്‍ഷകര്‍ക്ക് കാറുണ്ടാവുന്നതും നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതും പിസ കഴിക്കുന്നതുമൊന്നും ചിലര്‍ക്ക് ദഹിക്കുന്നില്ല. കര്‍ഷകര്‍ ദോത്തിയും കുര്‍ത്തയ്ക്കും പകരം ജീന്‍സും ടീ ഷര്‍ട്ടും ഉപയോഗിക്കുന്നുണ്ടെന്നും വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി ഇവര്‍ പറയുന്നു. കര്‍ഷകര്‍ എന്ത് ധരിക്കണം, എന്ത് കഴിക്കണമെന്ന് ആരും തീരുമാനിക്കേണ്ടെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ വിശാലമായി സമാനമായ ഒരു ലാംഗര്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ചെറുപ്പക്കാര്‍.