ദില്ലി: വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരായ ഭീഷണി ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ് എംപി ആന്‍റോ ആന്‍റണി. ശൂന്യവേളയിലാണ് അദ്ദേഹം വിഷയം ഉന്നയിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നതായി അദ്ദേഹം ശൂന്യവേളയിൽ പറഞ്ഞു. എന്നാൽ വിഷയം അവതരണം പൂർത്തിയാക്കുന്നതിന് മുൻപ് സ്പീക്കർ ഓംപ്രകാശ് ബിർള മൈക്ക് ഓഫ് ചെയ്തു. മൈക്ക് ഓഫ് ചെയ്ത ശേഷവും ആന്‍റോ ആന്‍റണി സംസാരിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ കൈ കൊണ്ട് ആംഗ്യം കാണിച്ച് ഇരിക്കാൻ നിർദേശിക്കുകയായിരുന്നു. 

നേരത്തേ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍റെ ഭീഷണിയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയാണ് കോൺഗ്രസ് നോട്ടീസ് നൽകിയത്. ആവശ്യം സ്പീക്കര്‍ തള്ളുകയായിരുന്നു.  ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്നായിരുന്നു ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപി കടന്നാക്രമണം.

 'ജയ് ശ്രീറാം' വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറ‍ഞ്ഞിരുന്നു.  ഇത് രാമയണമാസമാണെന്നും ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും ഇതു കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും റോക്കറ്റിലേറി ബഹിരാകാശത്തേക്ക് പോകാമെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇത് തന്നെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആവർത്തിക്കുകയും ചെയ്തു.  

ബി ഗോപാലകൃഷ്ണന് പിന്നാലെ അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചും  അതിനെതിരെ പ്രതിരോധമുയര്‍ത്തിയും ധാരാളം പ്രതികരണങ്ങൾ വന്നതോടെ സംഭവം വലിയ വിവാദവുമായി. ഈ സാഹചര്യത്തിലാണ് പ്രശ്നം ലോക്സഭയിൽ ഉന്നയിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള കോൺഗ്രസ് നോട്ടീസ് സ്പീക്കര്‍ തള്ളുകയായിരുന്നു.