ദില്ലി: വിവാദമായ ബോയ്സ് ലോക്കർ റൂം ചാറ്റ് കേസിൽ ഉൾപ്പെട്ട പെൺകുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ദില്ലി പൊലീസ് സൈബർ  സെൽ അറിയിച്ചു. ഉപദ്രവിക്കുമെന്നും അപകടപ്പെടുത്തുമെന്നുമുള്ള സന്ദേശങ്ങളാണ് തനിക്ക് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പെൺകുട്ടി ദില്ലിയിലെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 

സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടി ട്വീറ്ററിലൂടെ ​ഗ്രൂപ്പിലെ ചില സ്ക്രീൻ ഷോട്ടുകൾ പുറത്ത് വിട്ടതോടെയാണ് ഈ സംഭവം വിവാദമാകുന്നത്. പിന്നീട് ഈ ​ഗ്രൂപ്പിനെക്കുറിച്ച് പൊലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഐടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദില്ലിയിലെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികളായ പതിനേഴിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ നടന്ന‍ ഞെട്ടിക്കുന്ന ചർച്ചകളാണ് വിവാദമായ ബോയ്സ് ലോക്കർ റൂം ചാറ്റ്. നൂറോളം ആണ്‍കുട്ടികളാണ് ഗ്രൂപ്പിലെ അംഗങ്ങൾ. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചും കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെ കുറിച്ചും ഇവർ ഗ്രൂപ്പില്‍ നടത്തിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിലെത്തിയത്.